കൊല്ലം: തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേയ്ക്കുളള രണ്ടാമത്തെ ലോഡ് കശുവണ്ടി പരിപ്പ് കോർപ്പറേഷന്റെ കൊട്ടിയം ഫാക്ടറിയിൽ നിന്നും കയറ്റി അയച്ചു. 10 ടൺ കശുവണ്ടി പരിപ്പാണ് ഇപ്രകാരം അയച്ചത്. പത്തു ടണ്ണിന്റെ ആദ്യ ലോഡ് ഒക്‌ടോബർ 7ന് തിരുപ്പതിയിൽ എത്തിയിരുന്നു. ഉത്സവാന്തരീക്ഷത്തിലാണ് രണ്ടാമത്തെ ലോഡ് കൊട്ടിയം ഫാക്ടറിയിലെ തൊഴിലാളികളും ജീവനക്കാരും ചേർന്ന് യാത്രയാക്കിയത്. 30 ടൺ കശുവണ്ടി പരിപ്പാണ് ഒരു മാസം കോർപ്പറേഷൻ നൽകേണ്ടത്. ഗുണനിലവാര പരിശോധന കർശനമാക്കിയാണ് കശുവണ്ടി പരിപ്പ് തിരുപ്പതിയിലേയ്ക്ക് അയക്കുന്നത്. ഈ മാസം തന്നെ അടുത്ത ലോഡും അയക്കുന്നതിനുളള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ചെയർമാൻ എസ്.ജയമോഹൻ അറിയിച്ചു.