v
പാരിപ്പള്ളി വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്

പാരിപ്പള്ളി: വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പാരിപ്പള്ളി വില്ലേജ് ഒാഫീസിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.

വില്ലേജ് ഓഫീസർ അടക്കമുള്ള ജീവനക്കാർ കൃത്യമായി ഓഫീസിൽ എത്തിയിരുന്നില്ല. വസ്തുകരമായും മറ്റും ലഭിച്ച പണം കൃത്യമായി ട്രഷറിയിൽ അടയ്ക്കുന്നതിൽ വീഴ്ച വരുത്തി. ഈ ഇനത്തിൽ ഈ മാസം പതിനൊന്നു മുതൽ ഇന്നലെവരെ ലഭിച്ച 65,788 രൂപ ട്രഷറിയിൽ അടച്ചിരുന്നില്ല. ആ തുകയിലെ 7,790 രൂപ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ പേഴ്‌സിലായിരുന്നു. ബാക്കി തുക ഡ്യൂട്ടിക്കെത്താതിരുന്ന രണ്ടാമത്തെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ കൊണ്ടുപോയിരുന്നു. ജീവനക്കാർ അറ്റൻഡൻസ് രജിസ്റ്ററിൽ യഥാസമയം ഒപ്പിടുന്ന പതിവില്ല. കുറെ നാളുകളായി പേഴ്‌സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ തുക രേഖപ്പെടുത്തിയിട്ടില്ല.സേവനാവകാശ നിയമത്തിന്റെയും, വിവരാവകാശ നിയമത്തിന്റെയും അറിയിപ്പുകളും കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരാതിക്കാർക്ക് വിജിലൻസിനെ അറിയിക്കുന്നതിനുള്ള ഫോൺ നമ്പരുകളും അപ്രത്യക്ഷമായിരുന്നു.വില്ലേജ് ഓഫീസിന്റെ ബോർഡ് കാട് കയറി പൊതുജനങ്ങൾക്ക് കാണാൻ പറ്റാത്ത രീതിയിലായിരുന്നു.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കുമെന്നും വിജിലൻസ് ഡിവൈ.എസ്. പി. കെ. അശോക് കുമാർ അറിയിച്ചു.

വിജിലൻസ് പൊലീസ് ഇൻസ്‌പെക്ടർ വി. ആർ. രവികുമാർ, വിജിലൻസ് സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ് കുമാർ, സുജിത്, രാജേന്ദ്രൻ നായർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ എന്നിവർ ചേർന്നാണ് മിന്നൽ പരിശോധന നടത്തിയത്.