കൊല്ലം: വർത്തമാനകാല സാമൂഹ്യ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീസമൂഹം ജാഗ്രത പുലർത്തണമെന്ന് വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്ത്രീകൾക്ക് പ്രത്യേക ജാഗ്രത വേണം. കേരള വനിതാ കമ്മിഷൻ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജാഗ്രതാ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗ്ഗീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ വിജയശ്രീ സുഭാഷ്, ശ്രീജ ഹരീഷ്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരീഷ് കുമാർ, മൈലക്കാട് സുനിൽ, ജയലക്ഷ്മി, സിന്ധു അനിൽ എന്നിവർ സംസാരിച്ചു.
'ജാഗ്രതാസമിതിയുടെ ഘടനയും പ്രവർത്തനവും' എന്ന വിഷയത്തിൽ കില ഫാക്കൽറ്റി ആശാ ജോസ് ക്ലാസെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ അനിത നന്ദി പറഞ്ഞു.