c
അഡ്വ. വെളിയം കെ.എസ് രാജീവിന്റെ 'ചൈത്യത്തിലുറങ്ങുന്ന മഹാസ്വാന്തനം' എന്ന പുസ്തകം തമിഴ്നാട് പ്രാങ്ബോധി ബുദ്ധവിഹാര സ്ഥാപകൻ വന്ദേജി മൗര്യാർ ബുദ്ധ് തീറോ, വെളിയം ബാലഭദ്രാദേവി ക്ഷേത്രത്തിലെ പ്രദീപ് സ്വാമിക്ക് നൽകി പ്രകാശനം ചെയ്യുന്നു

# 'ചൈത്യത്തിലുറങ്ങുന്ന മഹാസ്വാന്തനം' പ്രകാശനം ചെയ്തു

കൊല്ലം: ആശയങ്ങളല്ല ജീവിതത്തിൽ പുലർത്തുന്ന അഗാധവും അപാരവുമായ സത്യസന്ധതയാണ് യുഗപുരുഷന്മാരെ സൃഷ്ടിക്കുന്നതെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. അഡ്വ. വെളിയം കെ.എസ് രാജീവിന്റെ 'ചൈത്യത്തിലുറങ്ങുന്ന മഹാസ്വാന്തനം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആദ്ദേഹം.

മനുഷ്യരിൽ വലിയൊരു വിഭാഗം സത്യസന്ധരാണ്. അത് കേവലം സാങ്കേതികമായ സത്യസന്ധതയാണ്. അതിനപ്പുറം സത്യം അന്വേഷിച്ചുള്ള യാത്രയാണ് ബുദ്ധനും ക്രിസ്തുവും ഗാന്ധിയും അടക്കമുള്ള യുഗപുരുഷന്മാരെ സൃഷ്ടിച്ചത്. എല്ലാ മനുഷ്യരിലും ഉള്ള ചൈതന്യം തന്നെയാണ് ബുദ്ധനിലും ഉണ്ടായിരുന്നത്. സത്യം തേടിയുള്ള യാത്രയിലൂടെയാണ് ആ ചൈതന്യത്തിന്റെ പ്രഭ വർദ്ധിച്ചത്. ജീവിതത്തിൽ ആകുലതകൾ ഉണ്ടാകുമ്പോൾ മാത്രമാണ് മനുഷ്യർ ഇപ്പോൾ ബുദ്ധനിലേക്കും ക്രിസ്തുവിലേക്കും സഞ്ചരിക്കുന്നത്. രാജ്യത്തുണ്ടായിരുന്ന പല ബുദ്ധ സ്തൂപങ്ങളും സ്മാരകങ്ങളും നശിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച ശേഷവും അത്തരം ക്രൂരതകൾ ഉണ്ടായി.

ബുദ്ധൻ നടന്ന വഴികളിലൂടെ സഞ്ചരിച്ചതിനൊപ്പം അദ്ദേഹത്തിന്റെ മനസ്സിലൂടെയും സഞ്ചരിച്ചാണ് വെളിയം രാജീവ് ചൈത്യത്തിലുറങ്ങുന്ന മഹാപുരുഷൻ എന്ന കൃതി രചിച്ചത്. അതുകൊണ്ട് തന്നെ ഈ പുസ്തകം നമ്മളിലേക്ക് തന്നെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുമെന്നും ജയകുമാർ പറഞ്ഞു.

തമിഴ്നാട് പ്രാങ്ബോധി ബുദ്ധവിഹാര സ്ഥാപകൻ വന്ദേജി മൗര്യാർ ബുദ്ധ് തീറോ പുസ്തകം പ്രകാശനം ചെയ്തു. വെളിയം ബാലഭദ്രാദേവി ക്ഷേത്രത്തിലെ പ്രദീപ് സ്വാമി ആദ്യ പ്രതി ഏറ്റുവാങ്ങി. പബ്ളിക് ലൈബ്രറിയിലെ സോപാനം സരസ്വതി ഹാളിൽ നടന്ന ചടങ്ങിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ കേരള ഘടകം ചെയർമാൻ ഇ. ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. എൻ. നൗഫൽ പുസ്തകം പരിചയപ്പെടുത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. സി. ഉണ്ണിക്കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. വെളിയം കെ.എസ് രാജീവ് മറുമൊഴി പറഞ്ഞു. കെ.ജെ. ജോണി സ്വാഗതവും കെ.പി. നന്ദകുമാർ നന്ദിയും പറഞ്ഞു.