ജില്ലയിൽ പ്രതിമാസം 9 ലക്ഷം കിലോ റേഷൻ ചോർച്ച
പ്രതിമാസം 90 ലക്ഷം രൂപയുടെ കൊള്ള
തട്ടിപ്പിന്റെ തുടക്കം സപ്ലൈകോ ഗോഡൗണുകളിൽ
കൊല്ലം: റേഷൻ വിതരണം സുതാര്യമാക്കാൻ വാതിൽപ്പടി വിതരണം നടപ്പാക്കിയിട്ടും സപ്ലൈകോ ഉദ്യോഗസ്ഥരും വിതരണ കരാറുകാരും ചേർന്ന് ജില്ലയിൽ പ്രതിമാസം നടത്തുന്നത് ഏകദേശം 90 ലക്ഷം രൂപയുടെ തട്ടിപ്പ്. ചാക്കുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ ചോർത്തിയും ചാക്കോടെ കടത്തിയുമാണ് തട്ടിപ്പ്.
റേഷൻകടകളിലെത്തിച്ച് ഭക്ഷ്യധാന്യങ്ങൾ തൂക്കി അട്ടിയിട്ട് നൽകണമെന്നാണ് വാതിൽപ്പടി വിതരണത്തിന്റെ ചട്ടം. പക്ഷെ, ജില്ലയിൽ ഒരിടത്തും അതു പാലിക്കുന്നില്ല. എല്ലാ ചാക്കുകളിലും കുറഞ്ഞത് അഞ്ച് കിലോ കുറവുണ്ടാകും. ചില ചാക്കുകളിലെ ഭക്ഷ്യധാന്യം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനാകാത്ത തരത്തിൽ ഗോഡൗണുകളിൽ നിന്ന് വാരിക്കൂട്ടിയ ഗോതമ്പും പച്ചരിയും പുഴുക്കലരിയും കൂടിക്കുഴഞ്ഞതാകും. ഭക്ഷ്യധാന്യങ്ങൾ വാതിൽപ്പടിയിലെത്തിക്കുമ്പോൾ തൂക്കി നൽകണമെന്നാവശ്യപ്പെട്ട് റേഷൻവ്യാപാരികൾ കടയടപ്പ് സമരം അടക്കം നടത്തിയെങ്കിലും സപ്ലൈകോ ഉദ്യോഗസ്ഥരും കരാറുകാരും വഴങ്ങിയില്ല.
തട്ടിപ്പ് തന്ത്രം
നൂറ് കിലോ ഭക്ഷ്യധാന്യം വാതിൽപ്പടിയിലെത്തുമ്പോൾ 90 കിലോയേ ഉണ്ടാകൂ.
ജില്ലയിൽ ശരാശരി 90 ലക്ഷം കിലോ ഭക്ഷ്യധാന്യമാണ് പ്രതിമാസം വിതരണത്തിനെത്തുന്നത്. ഇതിന്റെ പത്ത് ശതമാനത്തോളം എഫ്.സി.ഐയിൽ നിന്ന് സപ്ലൈകോ ഗോഡൗണിലേക്കുള്ള വരവിനിടെ ചാക്കോടെ കടത്തുകയാണ്. കുറവ് വരുന്ന ചാക്കുകളുടെ എണ്ണം തികയ്ക്കാൻ ഓരോന്നിൽ നിന്നും ചോർത്തിയെടുത്ത് പുതിയ ചാക്കുകളിലാക്കിയാണ് റേഷൻ കടകളിലെത്തിക്കുന്നത്.
കരിഞ്ചന്ത വില
ഒരു കിലോ അരി- 12 രൂപ
ഗോതമ്പ് -10 രൂപ
മണ്ണെണ്ണയിലെ വെട്ടിപ്പ്
200 ലിറ്ററിന്റെ ബാരൽ മണ്ണെണ്ണ റേഷൻ കടയുടമകളുടെ കൈയിലെത്തുമ്പോൾ കുറഞ്ഞത് 10 ലിറ്ററെങ്കിലും കുറവുണ്ടാകും. എണ്ണ കമ്പനികളുടെ ഏജന്റുമാരായ ഡീലർമാർ വഴിയാണ് വിതരണം. ലീഗൽ മെട്രോളജി വകുപ്പ് സാക്ഷ്യപ്പെടുത്തിയ അളവ് പാത്രം ഉപയോഗിച്ച് അളന്ന് നൽകണമെന്നാണ് ചട്ടം. എന്നാൽ ലീഗൽ മെട്രോളജി വകുപ്പ് സാക്ഷ്യപ്പെടുത്താത്ത സ്കെയിൽ ഉപയോഗിച്ചാണ് അളക്കുന്നത്. ഈ സ്കെയിൽ ബാരലിലേക്ക് ഇട്ടശേഷം പെട്ടെന്ന് പുറത്തെടുക്കും. റേഷൻ കടയുടമകൾ പ്രശ്നമുണ്ടാക്കിയാലെ സ്കെയിൽ ഉപയോഗിച്ച് കൃത്യമായി അളക്കുകയുള്ളു. മണ്ണെണ്ണ വിതരണ സമയത്ത് റേഷനിംഗ് ഇൻസ്പെക്ടർമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് കർശന നിർദ്ദേശമുണ്ട്. എന്നാൽ റേഷനിംഗ് ഇൻസ്പെക്ടർമാരുടെ പൊടിപോലുമുണ്ടാകില്ല.
മണ്ണെണ്ണ വെട്ടിപ്പ്
പ്രതിമാസ വിതരണം (ശരാശരി) : 356000 ലിറ്റർ
ഒരു ബാരൽ: 200 ലിറ്റർ
മൊത്തം ബാരൽ എണ്ണം : 1780
ഒരു ബാരലിൽ ചോർത്തുന്നത്: 10 ലിറ്റർ
മൊത്തം ചോർച്ച : 17800 ലിറ്റർ
കരിഞ്ചന്തയിൽ ലിറ്റർ വില : 70 രൂപ
കീശയിലാകുന്ന തുക:12.46 ലക്ഷം രൂപ
'കടയിലെത്തിച്ച ശേഷം തൂക്കി നൽകിയില്ലെങ്കിൽ റേഷൻ വ്യാപാരികൾക്ക് തനിക്ക് നേരിട്ട് പരാതി നൽകാം. ആ നിമിഷം തന്നെ നടപടിയെടുക്കും. ക്രമക്കേടുകൾ ഒഴിവാക്കാൻ റേഷനിംഗ് ഇൻസ്പെക്ടർമാരുടെ സാന്നിദ്ധ്യത്തിലേ മണ്ണെണ്ണ വിതരണം നടത്താവൂയെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതാണ്."
അനിൽരാജ് (ജില്ലാ സപ്ലൈ ഓഫീസർ)