കൊല്ലം: റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷന്റെ സഹകരണത്തോടെ നഗരശുചീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'മിഷൻ സീറോ വേസ്റ്റ്' പദ്ധതിക്ക് തുടക്കമായി. അഞ്ച് ടീമുകളായി തിരിഞ്ഞ് ആശ്രാമം, ആനന്ദവല്ലീശ്വരം, ചെമ്മാംമുക്ക്, കടപ്പാക്കട, കൊല്ലം ബീച്ച് എന്നിവിടങ്ങൾ മുതൽ ചിന്നക്കട വരെയുള്ള പ്രദേശങ്ങൾ പദ്ധതിയുടെ ഭാഗമായി ശുചീകരിച്ചു.
ചെമ്മാൻമുക്കിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ, 'മിഷൻ സീറോ വേസ്റ്റ്' പദ്ധതി ഡിസ്ട്രിക്ട് ചെയർമാൻ കെ.ജെ. രാജീവ്, നിയുക്ത ചെയർമാൻ കെ. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. കൊല്ലം ബീച്ചിൽ മേയർ വി. രാജ്രേന്ദബാബുവും കടപ്പാക്കടയിൽ റോട്ടറി മുൻ ഗവർണർ കെ.എസ്. ശശികുമാർ, ആനന്ദവല്ലീശ്വരത്ത് റോട്ടറി മുൻ ഗവർണർ കെ.പി. രാമചന്ദ്രൻ നായർ, ആശ്രാമത്ത് മുൻ ഗവർണർ ഡോ. ജി.എ. ജോർജ്ജ് എന്നിവർ ഫ്ളാഗ് ഓഫ് കർമ്മം നിർവഹിച്ചു.
റോട്ടേറിയൻസിനും കുടുംബാംഗങ്ങൾക്കും പുറമേ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, നാഷണൽ സർവീസ് സ്‌കീം പ്രവർത്തകർ, കോർപ്പറേഷൻ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളിൾ ഉൾപ്പെടെ ആയിരത്തി അഞ്ഞൂറോളം
പേർ യജ്ഞത്തിൽ പങ്കാളികളായി.
ചിന്നക്കടയിൽ നടന്ന സമാപന സമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കെ.ജെ. രാജീവ് സ്വാഗതം പറഞ്ഞു.