മൺറോതുരുത്ത്: മൺറോതുരുത്തിലെ ഒറ്റപ്പെട്ട വാർഡായ പട്ടംതുരുത്ത് വെസ്റ്റിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത വിധം ഏക യാത്രാമാർഗ്ഗം റെയിൽവേ കെട്ടിയടയ്ക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ പോലും അവഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന റെയിൽവേ അധികൃതർക്കെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് വാർഡ് നിവാസികൾ.
അഷ്ടമുടിക്കായലിനാൽ ചുറ്റപ്പെട്ട പട്ടംതുരുത്ത് വെസ്റ്റിനെ പുറംലോകവുമായി കരമാർഗം ബന്ധിപ്പിക്കുന്ന ഏകമാർഗത്തെ വേർപ്പെടുത്തിയാണ് കൊല്ലം - എറണാകുളം തീവണ്ടിപ്പാത കടന്നുപോകുന്നത്. ഇതിനാൽ വാർഡിലേക്ക് ഒരുവാഹനവും കടന്നു ചെല്ലാറില്ല. പ്രദേശവുമായി താഴ്ന്ന നിരപ്പിൽ സ്ഥിതി ചെയ്യുന്ന ഇരുനിലക്കട ഭാഗത്തെ തീവണ്ടിപ്പാത കാൽനടയായി മുറിച്ചുകടന്ന് പേഴുംതുരുത്തിലെത്തിയാണ് ഇവിടുള്ളവർ മറ്റ് സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നത്.
ഇപ്പോൾ ആകെയുള്ള ഈ യാത്രാമാർഗവും അസാദ്ധ്യമാകുന്ന തരത്തിൽ കരിങ്കൽ ഭിത്തി കെട്ടിയടയ്ക്കുകയാണ് റെയിൽവേ അധികൃതർ. കഴിഞ്ഞ ദിവസം ഇരുനിലക്കട ഭാഗത്തെ റെയിൽവേപ്പാത കരിങ്കൽ ഭിത്തി കെട്ടിയടയ്ക്കാൻ ശ്രമിച്ചത് എസ്.എൻ.ഡി.പി യോഗം പട്ടംതുരുത്ത ശാഖയുടെ നേതൃത്വത്തിൽ മുന്നൂറോളം പ്രദേശവാസികൾ ഇടപെട്ട് തടഞ്ഞിരുന്നു. അതേസമയം നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാൻ റെയിൽവേ അധികൃതർ കൂട്ടാക്കുന്നില്ല. ചെറുപ്പക്കാർ ഇതുവഴി ബൈക്ക് ക്രോസ് ചെയ്യുന്നുവെന്നാരോപിച്ച് നിർമ്മാണ പ്രവർത്തനവുമായി റെയിൽവേ മുന്നോട്ട് പോകുകയാണ്.
ദുരിതം അവഗണിച്ച് അധികൃതർ
ഒരു സൈക്കിൾ പോലും കടന്നുചെല്ലാത്ത പട്ടംതുരുത്ത് വെസ്റ്റ് വാർഡിലെ ജനങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി നിരവധി തവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ച് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. മുന്നൂറിലധികം കുടുംബങ്ങൾ പാർക്കുന്ന പ്രദേശത്തുള്ള വൃദ്ധജനങ്ങളും കുട്ടികളുമടക്കം നിരന്തരം തീവണ്ടികൾ പായുന്ന പാത മുറിച്ചുകടക്കാൻ പെടാപ്പാട് പെടുമ്പോഴാണ് അവർക്ക് ഇരുട്ടടടിയായി വഴി തടസപ്പെടുത്തി കരിങ്കൽ ഭിത്തി നിർമ്മിക്കാനുള്ള റെയിൽവേയുടെ ശ്രമം.
പ്രതിഷേധം ശക്തമാകുന്നു
വാർഡിലെ മിക്ക പ്രദേശങ്ങളും ചതുപ്പ് നിറഞ്ഞതാണ്. അവിടങ്ങളിലെല്ലാം റെയിൽവേ ലൈൻ കടന്നുപോകുന്നത് വളരെ ഉയരത്തിലൂടെയായതിനാൽ മുറിച്ചുകടക്കുക സാധ്യമല്ല. റെയിൽവേ ലൈൻ നിർമ്മാണം പൂർത്തിയായ കാലം മുതൽ പട്ടംതുരുത്തുകാർ മുറിച്ചുകടക്കാൻ ഉപയോഗിച്ച വഴിയാണ് ബദർമാർഗം ഒരുക്കാതെ കെട്ടിയടയ്ക്കുന്നത്. റെയിൽവേയുടെ നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുുമായി മുന്നോട്ട് പോകുമെന്ന് പട്ടംതുരുത്ത് ശാഖാ പ്രസിഡന്റ് എം.എസ്.പ്രമോദ്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സദാശിവൻ എന്നിവർ അറിയിച്ചു.