കൊല്ലം: തോക്ക്ചൂണ്ടി വഴിയാത്രക്കാരായ ആറ് സ്ത്രീകളുടെ മാല പിടിച്ചുപറിച്ച കേസിലെ മുഖ്യപ്രതി സത്യദേവുമായി പൊലീസ് നഗരത്തിൽ തെളിവെടുപ്പ് നടത്തി. പ്രതികൾ താമസിച്ച നഗരത്തിലെ വീട്, മാല പിടിച്ചുപറിച്ച സ്ഥലങ്ങൾ, കൃത്യം നിർവഹിച്ച ശേഷം രക്ഷപ്പെടാനുള്ള മാസ്റ്റർ പ്ലാൻ അടക്കം തയ്യാറാക്കിയ കൊല്ലം ബീച്ച് എന്നിവിടങ്ങളിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. സത്യദേവിനെ കഴിഞ്ഞദിവസം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇന്നലത്തെ തെളിവെടുപ്പ്. വാടകയ്ക്ക് താമസിച്ച ബീച്ചിന് സമീപം ടാഗോർ റോഡിലെ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യമെത്തിച്ചത്. വാടക വീടിന്റെ ഉടമയും സമീപവാസികളും സത്യദേവിനെ തിരിച്ചറിഞ്ഞു. പിന്നീട് കവർച്ച നടത്തിയ സ്ഥലങ്ങളായ കൊല്ലം ബെൻസിഗർ ആശുപത്രിക്ക് സമീപം കർബല റോഡിൽ ഫാത്തിമാ കോളേജ് പരിസരം, പട്ടത്താനം അംഗൻവാടി പരിസരം എന്നിവിടങ്ങൾക്ക് ശേഷം കൊല്ലം ബീച്ചിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞമാസം 26ന് ഡൽഹി സ്വദേശികളായ യുവാവും യുവതിയും ചേർന്നാണ് ടാഗോർ റോഡിലെ വീടിന്റെ മുകളിലത്തെ നില വാടകയ്ക്കെടുത്തത്. 27ന് ഉച്ചയ്ക്ക് സത്യദേവിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. അന്ന് രാത്രി ബീച്ചിലിരുന്ന് കവർച്ചയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ഇതിന് ശേഷം കവർച്ചയ്ക്ക് ഇറങ്ങാൻ ബീച്ച് പരിസരത്ത് നിന്നു തന്നെ ഒരു ബൈക്ക് മോഷ്ടിച്ച് താമസ സ്ഥലത്തിന് സമീപം ഒളിപ്പിച്ചു. പക്ഷെ ഉടമയുടെ പരാതിയെ തുടർന്ന് അന്വേഷിച്ചിറങ്ങിയ പൊലീസ് അന്ന് രാത്രി ബൈക്ക് കണ്ടെടുത്തു. 28ന് കുണ്ടറ റെയിൽവെ സ്റ്റേഷനിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിച്ചാണ് കവ‌ർച്ച നടത്തിയത്. കൊല്ലം വെസ്റ്റ്, കുണ്ടറ, എഴുകോൺ സ്റ്റേഷൻ പരിധികളിലാണ് മറ്റ് കവർച്ചകൾ. സായുധ പൊലീസിന്റെ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. എ.സി.പി എ. പ്രതീപ്കുമാർ, സി.ഐ ആർ. രാജേഷ്, എസ്.ഐമാരയ എം. മനോജ്, ആർ. ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.