img
പുനലൂർ ആർ.ഡി.ഒ രാധാകൃഷ്ണൻ അപകടസ്ഥലം നിരീക്ഷിക്കുന്നു.ജി. അജിത്, എം. മനോജ്, ആർ.രാജീവ്, സൈജു, അനൂപ് തുടങ്ങിയവര്‍ സമീപം

ഏരൂർ: വെള്ളിയാഴ്ച ഏരൂർ ഗവ. എൽ.പി സ്കൂളിൽ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകർന്ന് അപകടത്തിൽപ്പെട്ട വിദ്യാർത്ഥികൾ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും നാട്ടുകാരുടെ ആശങ്ക ഒഴിയുന്നില്ല. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് പരിസരവാസികൾ പറയുന്നത്. ആറ് ഇടത്തായിട്ടാണ് ശൗചാലയങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ പലതും ഉപയോഗശൂന്യവും അപകടഭീതി പരത്തുന്നവയുമാണ്. സ്‌കൂൾ കോമ്പൗണ്ടിലേക്കും കെട്ടിടങ്ങൾക്ക് മുകളിലേക്കും വൃക്ഷങ്ങൾ അപകടകരമായ നിലയിൽ വളർന്ന് നിൽക്കുന്നുണ്ട്. ഇവ മുറിച്ച് നീക്കാനുള്ള നടപടികളും ഉണ്ടായിട്ടില്ല. നൂറിൽപ്പരം പ്രീപ്രൈമറി കൂട്ടികളടക്കം 450 ൽ അധികം വിദ്യാർത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. അപകടസ്ഥലം സന്ദർശിക്കുന്നതിനും സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുമായി പുനലൂർ ആർ.ഡി.ഒ രാധാകൃഷ്ണനും റവന്യൂ ഉദ്യോഗസ്ഥരായ സൈജു, അനൂപ് തുടങ്ങിയവരും സ്‌കൂളിലെത്തിയിരുന്നു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടാകണം ക്ലാസ് നടത്തേണ്ടതെന്ന കർശന നിർദ്ദേശം നൽകിയാണ് ഇവർ മടങ്ങിയത്. ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഷാ ഷിബു, വൈസ് പ്രസിഡന്റ് ആർ. രാജീവ്, എ.ഇ.ഒ ദിലീപ് കുമാർ, സ്‌കൂൾ എച്ച്.എം വിജയൻ, പി.ടി.എ പ്രസിഡന്റ് ജി. അജിത്, എസ്.എം.സി ചെയർമാൻ മനോജ് തുടങ്ങിയവർ സ്‌കൂളിലെത്തിയിരുന്നു.