railway-gate
ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന പാലോലിക്കുളങ്ങര റെയിൽവേ ഗേറ്റ്

തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് വടക്ക് ഭാഗത്തെ പാലോലിക്കുളങ്ങര റെയിൽവേ ഗേറ്റ് അടച്ചിട്ട് അഞ്ചു ദിവസങ്ങൾ പിന്നിടുന്നു. റെയിൽവേ ട്രാക്കിൽ സ്ലീപ്പേഴ്സ് മാറ്റി ഇടുന്നതിനു വേണ്ടിയാണ് ഗേറ്റ് അടച്ചത്. ഇത് കഴിഞ്ഞ വ്യാഴാഴ്ച തുറക്കുമെന്നായിരുന്നു റെയിൽവേ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ സ്ലീപ്പേഴ് മാറ്റം പൂർത്തീകരിച്ചെങ്കിലും ഇതിനുള്ളിൽ മെറ്റൽ നിറയ്ക്കുന്ന ജോലി നടന്നില്ല. മെറ്റൽ നിറയ്ക്കുന്നതിനുള്ള 'പാക്കിംഗ് മെഷീൻ ' എത്തിച്ചേരാത്തതിനാലാണ് പണി പൂർത്തീകരിക്കാനാവാത്തത്. ഇടക്കുളങ്ങര വഴി കരുനാഗപ്പള്ളി, പുതിയകാവ് തുടങ്ങിയ സ്ഥാലങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പ മാർഗമാണിത്. ദിവസങ്ങളായി ഇത് അടഞ്ഞുകിടക്കുന്നത് നാട്ടുകാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എത്രയും വേഗം ഗേറ്റ് തുറന്നുകൊടുക്കാനാവശ്യമായ നടപടി അധികൃതർ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.