photo
ചവറ ഗ്രാമ പഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരത്തിന്റെ പ്രഖ്യാപനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിക്കുന്നു. എൻ. വിജയൻപിള്ള എം.എൽ.എ സമീപം

കരുനാഗപ്പള്ളി: ചവറ ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. ചവറ എസ്.ജി.കെ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഐ.എസ്.ഒ അംഗീകാരത്തിന്റെ പ്രഖ്യാപനം നടത്തി. നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകിയതും വിഭവങ്ങളുടെ ശരിയായ വിനിയോഗവും വികസന പദ്ധതികളുടെ മുൻഗണനാ ക്രമവുമാണ് ഐ.എസ്.ഒ അംഗീകാരത്തിന് അർഹമാക്കിയത്. വികസന പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് സർക്കാരിന് പ്രത്യേക കാഴ്ചപ്പാടാണുള്ളതെന്നും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്റെ ശുചിത്വ പദ്ധതി നിർവഹണത്തിനായി ചവറ കെ.എം.എം.എൽ ഫാക്ടറി വാങ്ങി നൽകിയ വാഹനത്തിന്റെ താക്കോൽദാന കർമ്മം എൻ. വിജയൻപിള്ള എം.എൽ.എയും കമ്പനി മാനേജിംഗ് ഡയറക്ടർ ഫെബി വർഗീസും സംയുക്തമായി നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിലെ ധീര വനിതകളെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മീനാകുമാരിഅമ്മ പൊന്നാടയണിയിച്ച് ആദരിച്ചു. പി.കെ. ലളിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. രാഹുൽ, ചവറ ബ്ലോക്ക് പഞ്ചായത്ത് ഇൻ ചാർജ് കെ.എ. നിയാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. ശോഭ, ബി. സേതുലക്ഷ്മി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബി. ഷൈലജ എന്നിവർ പ്രസംഗിച്ചു.