പുനലൂർ: കിഴക്കൻ മലയോര മേഖലയിലെ പൊതു പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളായിരുന്നു അന്തരിച്ച എൻ. പുരുഷോത്തമൻ നായർ നടത്തി വന്നിരുന്നതെന്ന് മന്ത്രി കെ. രാജു പറഞ്ഞു. എൻ. പുരുഷോത്തമൻ നായരുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ ചെമ്പനരുവിയിലെ കൂട്ടുമുക്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ഡി. റെജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ, സി.പി.ഐ പത്തനാപുരം മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീൻ, പിറവന്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റഷീദ്, കോൺഗ്രസ് നേതാവ് കെ. മുരളീധരൻ നായർ, കെ. വാസുദേവൻ, സി.എ. പ്രസാദ്, എം.ജി. പൊന്നച്ചൻ, ബിജുരാജ്, സുബ്രഹ്മണ്യൻ, എസ്. രാജപ്പൻ പിള്ള, എ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.