c

കൊല്ലം: ടിക്കറ്റ് മെഷീനുകൾ കൂട്ടത്തോടെ ഉപയോഗശൂന്യമായതോടെ കെ.എസ്.ആർ.ടി.സിയുടെ വരുമാനം കുത്തനെ ഇടിഞ്ഞു. മെഷീനുകളുടെ പ്രവർത്തനം പൂർണമായും നിലച്ച കൊല്ലം, പുനലൂർ, ചാത്തന്നൂർ ഡിപ്പോകളിലായി ആറു ലക്ഷം രൂപയുടെ നഷ്ടമാണ് പ്രതിദിനം ഉണ്ടാകുന്നത്.

അറ്റകുറ്റപ്പണിയുടെ കുടിശിക നൽകാഞ്ഞതിനെ തുടർന്ന് പുനലൂർ ഡിപ്പോയിലെ മെഷീനുകളുടെ സെർവർ ബന്ധമാണ് നാല് മാസം മുൻപ് സംസ്ഥാനത്ത് ആദ്യമായി ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനി വിച്ഛേദിച്ചത്. തൊട്ടുപിന്നാലെ ചാത്തന്നൂർ ഡിപ്പോയിലെ സെർവർ ബന്ധവും ഇല്ലാതായി. നാല് ദിവസം മുൻപ് കൊല്ലം ഡിപ്പോയിലെ മെഷീനുകളുമായുള്ള ബന്ധവും വിച്ഛേദിച്ചു. വരും ദിവസങ്ങളിൽ മറ്റ് ഡിപ്പോകളിലെ സെർവർ ബന്ധവും നഷ്ടമായാൽ നഷ്ടം കുത്തനെ ഉയരും.

പ്രതിദിന വരുമാനം

ഡിപ്പോ ടിക്കറ്റ് മെഷീൻ റാക്ക്

(തുക ലക്ഷത്തിൽ)

കൊല്ലം 12.5 10.10

പുനലൂർ 6.5 4

ചാത്തന്നൂർ 6 4.30

എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ എല്ലാ ഡിപ്പോകളിലും സർവീസുകൾ വൻ തോതിൽ റദ്ദാക്കുന്നുണ്ട്. എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും വൻതിരക്കാണ്. തിരക്കിനിടയിൽ എല്ലാ യാത്രക്കാർക്കും ടിക്കറ്റ് നൽകാൻ കഴിയാത്തതാണ് വരുമാനം ഇടിയാനുള്ള കാരണം. പുതിയ കണ്ടക്ടർമാരിൽ പലരും റാക്ക് ഉപയോഗിച്ച് ശീലമുള്ളവരുമല്ല.

കുറ്റം അവിടെ, കുറ്റപത്രം ഇവിടെ

വരുമാനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തായിരുന്നു കൊല്ലം ഡിപ്പോ. മെഷിനുകൾ പ്രവർത്തനരഹിതമായി വരുമാനം കുറഞ്ഞതോടെ ഈ സ്ഥാനം നഷ്ടമായി. മെഷീനുകൾ അറ്റകുറ്റപ്പണി നടത്തിയതിന്റെ പണം നൽകുന്നതിൽ ചീഫ് ഓഫീസ് വരുത്തിയ വീഴ്ചയാണ് വരുമാന നഷ്ടം ക്ഷണിച്ച് വരുത്തിയത്. പക്ഷെ, ചീഫ് ഓഫീസിൽ നിന്നും വരുമാനം കുറഞ്ഞതിന്റെ കാരണം വിശദമാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡി.ടി.ഒക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.

ഡിപ്പോ മെഷീൻ ഉപയോഗിക്കുമ്പോഴുണ്ടായിരുന്ന വരുമാനം ഇപ്പോൾ(തുക ലക്ഷത്തിൽ)

കൊല്ലം 12.5 10.10

പുനലൂർ 6.5 4

ചാത്തന്നൂർ 6 4.30