കരുനാഗപ്പള്ളി: ദേശീയപാതയോരത്ത് കുറ്റിവട്ടം മുതൽ കന്നേറ്റി വരെയുള്ള കുറ്റിക്കാട് വെട്ടിത്തെളിച്ചു. പന്മന പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 2 ഉം 23 ഉം വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെയും സാനിട്ടേഷൻ കമ്മിറ്റി അംഗങ്ങളെയും ആരോഗ്യ വകുപ്പ് പ്രവർത്തകരെയും ഏകോപിപ്പിച്ച് സേവനമായാണ് കാട് വെട്ടിത്തെളിച്ചത്. കൂടുതൽ കാടുപിടിച്ചു കിടന്നിടം ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനി, വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിൽ ഭരതൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് ദേശീയ പാതയിൽ പഞ്ചായത്ത് അതിർത്തിയിലെ വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്നും ഇതിനുള്ള പ്രവർത്തനം ആരംഭിച്ചെന്നും പ്രസിഡന്റ് അറിയിച്ചു.