കൊല്ലം: ക്രിസ്മസ് കച്ചവടത്തിനായി തൃക്കടവൂരിലെ വീട്ടിൽ ദമ്പതികൾ അനധികൃതമായി നിർമ്മിച്ച 2200 ലിറ്റർ വ്യാജ വൈൻ പിടിച്ചെടുത്തു. വീട്ടുടമ തൃക്കടവൂർ, മതിലിൽ ടോണി വില്ലയിൽ ക്രിസ് പിൻ സക്കറിയ (73), ഭാര്യ ഗ്രേസ് ക്രിസ് പിൻ (65) എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്ത വൈനിന് ഏകദേശം പത്ത് ലക്ഷം രൂപ വിലവരും.
ഗുണമേന്മ കുറഞ്ഞ മുന്തിരി വാങ്ങി വെള്ളത്തിൽ തിളപ്പിച്ച് എസൻസുകളും രാസപദാർത്ഥങ്ങളും കലർത്തി വൈനിന്റെ രുചിയും മണവും വരുത്തി കുപ്പികളിൽ നിറച്ച് മുന്തിരി ജ്യൂസ് എന്ന് ലേബൽ പതിച്ചാണ് വൈൻ വിറ്റിരുന്നത്.
650 എം.എല്ലിന്റെ ഒരു കുപ്പി വൈനിന് വില 250 രൂപ. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം വൃദ്ധദമ്പതികളുടെ വീട്ടിൽ പരിശോധന നടത്തിയത്. മൂന്ന് നിലയുള്ള വീട്ടിൽ അത്യാധുനിക സൗകര്യങ്ങളോടെ രണ്ടാം നിലയിലാണ് വൈൻ നിർമ്മാണം. 2000 കുപ്പികൾ കൂടാതെ 275 ലിറ്ററിന്റെ ആറ് പ്ലാസ്റ്റിക്ക് ബാരലുകളിലും വൈൻ കണ്ടെത്തി. വൈനിലെ ആൽക്കഹോളിന്റെ അളവ് കണ്ടെത്താൻ വിശദ പരിശോധനയ്ക്ക് അയച്ചു. ക്രിസ്പിൻ സക്കറിയ നേരത്തെയും സമാനമായ കേസിൽ പിടിയിലായിട്ടുണ്ട്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ സുഗുണൻ, രാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ് കുമാർ, ബിജമോൻ, രാഹുൽ രാജ് ,വിഷ്ണു രാജ്. നഹാസ്', എവേഴ്‌സൺ ലാസർ ആഷിക്ക്, ദിലീപ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സൂര്യ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
ആൽക്കഹോളിന്റെ അംശം .
5 % കടന്നാൽ കേസ്
വീട്ടിൽ നിർമ്മിക്കുന്ന വൈനിൽ ആൽക്കഹോളിന്റെ അംശം ഒരു ലിറ്ററിൽ 5 ശതമാനത്തിൽ കൂടുതലാണെങ്കിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസിൽ പ്രതിയാകും. കൊല്ലം താലൂക്കിൽ ഒരു ക്രിസ്ത്യൻ പള്ളിക്ക് മാത്രമാണ് വിശ്വാസത്തിന്റെ പേരിൽ വൈൻ നിർമ്മിക്കാൻ എക്സൈസ് ലൈസൻസ് നൽകിയിട്ടുള്ളത്. ലൈസൻസോടെ നിർമ്മിക്കുന്ന വൈനിൽ 15 ശതമാനം വരെ ആൽക്കഹോളാകാം. ഇപ്പോൾ വിവിധ പേരുകളിൽ രഹസ്യമായി വിൽക്കുന്ന വൈനുകളിലധകവും പത്ത് ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയവയാണ്. ഇവയുടെ വിൽപ്പനയോ നിർമ്മാണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടി ഉണ്ടാകുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.