ditrict-hospital
ജില്ലാ ആശുപത്രിയിലെ വസ്ത്രബാങ്ക്

കൊല്ലം: ജില്ലാ ആശുപത്രിയിലെ വസ്‌ത്രബാങ്ക് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകുന്നു. ആരോരുമില്ലാത്ത രോഗികൾക്കായി റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ലോട്ടസാണ് ജില്ലാ ആശുപത്രി നഴ്സിംഗ് റൂമിന് മുന്നിൽ 'വസ്‌ത്ര ബാങ്ക്' സ്ഥാപിച്ചിരിക്കുന്നത്.

ആശുപത്രിയിലെത്തുന്ന പരസഹായമില്ലാത്ത രോഗികളുടെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുമ്പ് ഇവർക്ക് സ്പോൺസർഷിപ്പിലൂടെ വസ്ത്രങ്ങൾ ലഭ്യമാക്കിയിരുന്നു. കൂടാതെ ആശുപത്രി ജീവനക്കാരും രോഗികൾക്കായി വസ്ത്രങ്ങൾ എത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റോട്ടറിയുടെ സഹായത്തോടെ ഏഴു മാസം മുമ്പ് 'വസ്ത്രബാങ്ക്' എന്ന ആശയം ഒരു അലമാര സ്ഥാപിച്ച് സഫലമാക്കിയത്.

 വസ്ത്രങ്ങൾ നൽകാം

രോഗികൾക്ക് ധരിക്കാൻ സൗകര്യപ്രദമായ കൈലികൾ, മുണ്ടുകൾ, സാരികൾ, നൈറ്റികൾ മുതലായവ ജില്ലാ ആശുപത്രിയിലെ വസ്ത്രബാങ്കിലേക്ക് സംഭാവന നൽകാം. എപ്പോൾ വേണമെങ്കിലും വസ്‌ത്രങ്ങൾ ഇവിടെ എത്തിക്കാവുന്നതാണ്. മെഡിക്കൽ അനക്സ് വാർഡിൽ കഴിയുന്ന രോഗികൾക്കാണ് ഇവ നൽകുന്നത്.

പകർച്ചവ്യാധി സാധ്യത കണക്കിലെടുത്ത് പഴകിയ വസ്‌ത്രങ്ങൾ ഇവിടെ സ്വീകരിക്കില്ല. അതേസമയം ഉപയോഗിക്കാൻ കഴിയുന്ന വസ്‌ത്രങ്ങൾ വൃത്തിയായി കഴുകി ഇസ്‌തിരിയിട്ട് നൽകാം. രണ്ട് താക്കോലുകളാണ് അലമാരയ്‌ക്കുള്ളത്. അതിലൊന്ന് റോട്ടറിയും രണ്ടാമത്തേത്ത് ആശുപത്രി അധികൃതരുമാണ് സൂക്ഷിക്കുന്നത്.

 കാരുണ്യപ്പെട്ടികളിൽ പണം നൽകാം

ജില്ലാ ആശുപത്രി രോഗി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കാരുണ്യപ്പെട്ടികളും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്. ആർക്ക് വേണമെങ്കിലും സംഭാവന പണമായി ഇതിൽ നിക്ഷേപിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന തുക ആംബുലൻസ് സേവനത്തിന് ഉൾപ്പെടെ ഉപയോഗിക്കുകയാണ്. മുമ്പ് കാരുണ്യപ്പെട്ടിയിൽ നിന്ന് പണം അപഹരിക്കാനുള്ള ശ്രമമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെ ഇത്തരം സജ്ജീകരണങ്ങളെല്ലാം സി.സി.ടി.വി നിരീക്ഷണത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

''ജില്ലാ ആശുപത്രിയുടെ പ്രവ‌ർത്തനം മെച്ചപ്പെടുത്താൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. അതിനിടയിൽ സാമൂഹ്യവിരുദ്ധരായ വ്യക്തികൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്കെതിരെ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്‌ട് പ്രകാരം നടപടികൾ എടുക്കുന്നുണ്ട്.''

ഡാേ. അജിത, ഡെപ്യൂട്ടി സൂപ്രണ്ട്