അഞ്ചൽ: തെറ്റെന്നു തോന്നുന്ന കാര്യങ്ങൾ തന്റേടത്തോടെ തുറന്നു പറയാനുള്ള ആർജ്ജവം സക്കറിയയെ വേറിട്ട സാഹിത്യകാരനാക്കിയെന്ന് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. മലയാറ്റൂർ സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ആഡിറ്റോറിയത്തിൽ നടന്ന മലയാറ്റൂർ അവാർഡ് ദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സക്കറിയയുടെ ഭാഷയും ആവിഷ്ക്കാരവും വ്യത്യസ്തമാണ്. സാമൂഹ്യ അധർമ്മങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് പെരുമ്പടവം പറഞ്ഞു.
സ്വാതന്ത്ര്യത്തെ പ്രണയിച്ച എഴുത്തുകാരനാണ് മലയാറ്റൂർ എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സക്കറിയയ്ക്ക് മലയാറ്റൂർ അവാർഡ് സമ്മാനിച്ച മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പറഞ്ഞു. സ്വാതന്ത്ര്യത്തിന് ഭംഗം വരുന്നു എന്ന തോന്നലാവാം ഒരുപക്ഷേ, സിവിൽ സർവീസിൽ നിന്നും രാജിവയ്ക്കാൻ മലയാറ്റൂരിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിരന്തര വായനയിൽ നിന്ന് ലഭിച്ച ശൈലിയാണ് തന്നെ എഴുത്തുകാരനാക്കിയതെന്ന് മലയാറ്റൂർ അവാർഡ് ജേതാവ് സക്കറിയ പറഞ്ഞു. നല്ല മനുഷ്യനാവാൻ നിരന്തര വായന വേണം. മറ്റുള്ളവരെ ജാതിയുടെ പേരിൽ വെറുക്കുന്നതിലും ഭേദം മരണമാണെന്നും സക്കറിയ പറഞ്ഞു.
മലയാറ്റൂർ പ്രൈസ് ലക്ഷ്മീദേവി ഏറ്റുവാങ്ങി. ചടങ്ങിൽ മലയാറ്റൂർ സമിതി പ്രസിഡന്റ് ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അവാർഡ് ജേതാക്കളെ സമിതി അംഗം മാത്ര രവി പരിചയപ്പെടുത്തി. ശബരിഗിരി സ്കൂൾ ഡയറക്ടർമാരായ സുല ജയകുമാർ, അരുൺ ദിവാകർ, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. സമിതി സെക്രട്ടറി അനീഷ് കെ. അയിലറ സ്വാഗതവും സമിതി അംഗം ഡോ. ശബരീഷ് ജയകുമാർ നന്ദിയും പറഞ്ഞു.