എഴുകോൺ: കൊല്ലം - തിരുമംഗലം ദേശീയപാത - 744 നവീകരിക്കുന്നതിന്റെ ഭാഗമായി അശാസ്ത്രീയമായി ഇന്റർലോക്ക് കട്ടകൾ പാകിയതിനെ തുടർന്ന് എഴുകോൺ ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമായി. മഴവെള്ളം ഒഴുകിപ്പോകാനായി ചാല് നിർമ്മിക്കാതെയാണ് ഇൻന്റലോക്ക് കട്ടകൾ പാകിയത്. ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡിന്റെ ഇടത്ത് വശത്തായി സ്ഥിതി ചെയ്യുന്ന കെ.എസ്.എഫ്.ഇ, ജില്ലാ സഹകരണ ബാങ്ക്, കാലിത്തീറ്റ മൊത്ത വ്യാപാര സ്ഥാപനം, തുണിക്കട തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുന്നിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. ശക്തമായ മഴ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് അധികൃതർ പറയുന്നത്.
നവീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. റോഡിന്റെ ഇടത്ത് വശത്ത് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ കേരളകൗമുദി വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മഴ കാരണം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ട പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും.
ദേശീയപാതാ അധികൃതർ
വെള്ളം ഒഴുക്കിക്കളയാൻ ഇന്റർലോക്ക് കട്ടകൾ ഇളക്കി മാറ്റി
എഴുകോൺ സ്വദേശി ജീവരാജിന്റെ കാലിത്തീറ്റ മൊത്ത വ്യാപാര സ്ഥാപനമായ സുധ ഏജൻസി, കെ.എ.എസ് സലൂൺ, ആലുവിള വെങ്കല കട തുടങ്ങിയ സ്ഥാപനങ്ങളുടെ അകത്തേക്ക് ശക്തമായ മഴയിൽ വെള്ളം കയറി. വെള്ളക്കെട്ട് ഒഴിവാക്കാൻ യാതൊരു മാർഗവുമില്ലാതെ വ്യാപാരികൾ ബുദ്ധിമുട്ടിലായി. തുടർന്ന് കൊല്ലം - തിരുമംഗലം ദേശീയപാത - 744 നവീകരിക്കുന്നതിന്റെ ഭാഗമായി അശാസ്ത്രീയമായി പാകിയ ഇൻന്റലോക്ക് കട്ടകൾ വ്യാപാരികൾ ഇളക്കി മാറ്റി വെള്ളം ഒഴുക്കി വിടുകയായിരുന്നു. ഏകദേശം അൻപതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ജീവരാജ് പറഞ്ഞു.