ജോളിമാരെ സൃഷ്ടിക്കുന്നത് അർത്ഥശൂന്യമായ സീരിയലുകൾ
കൊല്ലം: വിദ്യാഭ്യാസവും മെച്ചപ്പെട്ട സംസ്കാരവും ലഭ്യമാക്കുന്നതിന്റെ അടിത്തറ പാകേണ്ടത് കുടുംബങ്ങളിൽ നിന്നുതന്നെയാണെന്ന് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. കുടുംബജീവിതങ്ങളെ താറുമാറാക്കുന്ന അർത്ഥശൂന്യങ്ങളായ സീരിയലുകളാണ് ജോളിമാരെ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അച്ഛനും അമ്മയും തല്ലുകൂടുന്ന വീടുകളിൽ വളരുന്ന കുട്ടികൾ അക്രമികളും മുൻകോപക്കാരുമായി തീരുന്നതിൽ അതിശയമില്ല.
പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നിന്ന് പത്താംക്ലാസ്, പ്ലസ് ടു കോഴ്സുകളിൽ ഉന്നത വിജയം നേടിയവർക്കുള്ള മെരിറ്റ് അവാർഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജുഡിഷ്യറിയും പൗരനുമായുള്ള അകലം കുറയ്ക്കുന്നതിൽ വിദ്യാലയങ്ങൾക്ക് മുഖ്യപങ്ക് വഹിക്കാനുണ്ട്. ഔദ്യോഗിക ജീവിതത്തിൽ നിരവധി കൊലക്കേസുകൾ കൈകാര്യം ചെയ്യേണ്ടിവന്നപ്പോഴൊക്കെ അത്യധികം മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയത്. ഒരു കൊലപാതകത്തിലൂടെ കേവലം ഒരു വ്യക്തിമാത്രമല്ല മരിക്കുന്നത്. അവരുടെ അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സഹോദങ്ങൾ തുടങ്ങിയവർ കൂടിയാണ് തകർക്കപ്പെടുന്നത്. ഒരു കൊലപാതകിയെ ശിക്ഷിക്കുമ്പോഴും നിരവധിപേരുടെ ജീവിതം ഇല്ലാതാകുന്നു. കുടുംബത്തിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും മൂല്യബോധമുള്ള വിദ്യാഭ്യാസം നൽകുന്നതിലൂടെ മാത്രമേ വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്ക് അറുതിവരുത്താൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ജിത്തു ജോയി എന്ന വിദ്യാർത്ഥിക്ക് നഴ്സിംഗ് പഠനത്തിനായി സിദ്ധാർത്ഥ ഫാമിലി അംഗം ജി. തോമസ് സ്പോൺസർ ചെയ്ത 35000/- രൂപയും വിതരണം ചെയ്തു. സിദ്ധാർത്ഥയുടെ രണ്ടാം ബാച്ചിൽ നിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ ഡോ.എഫ് . തയ്ബ തന്റെ ജീവിതവിജയത്തിൽ സിദ്ധാർത്ഥ വഹിച്ച പങ്ക് അനുസ്മരിച്ചു. ചടങ്ങിൽ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ മാനേജർ യു. സുരേഷ് , പ്രൊഫ. സി. രാധാകൃഷ്ണൻ, വാർഡ് മെമ്പർ പ്രസന്നാ രാമചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് ബി. സജീവ്, വൈസ് പ്രസിഡന്റ് വൈ ജീജോ, പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ് എന്നിവർ സംബന്ധിച്ചു.