കല്ലുപാലം വഴിയുള്ള ഗതാഗതം നിരോധിച്ചു
കൊല്ലം: നഗരത്തിലെ 150 വർഷത്തോളം പഴക്കമുള്ള കല്ലുപാലം പൊളിച്ച് നീക്കുന്ന പ്രവൃത്തികൾ ഇന്ന് തുടങ്ങും. ദേശീയ ജലപാതയിലൂടെയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിനായി പുതിയ പാലം നിർമ്മിക്കാനാണ് സേതു പാർവതീഭായി തിരുവിതാംകൂർ റാണിയായിരുന്ന കാലത്ത് നിർമ്മിച്ച കല്ലുപാലം പൊളിക്കുന്നത്.
ഇന്ന് രാവിലെ പത്ത് മുതൽ പാലത്തിലൂടെ കടന്നുപോയിട്ടുള്ള കേബിളുകൾ നീക്കം ചെയ്യും. അതിന് ശേഷം പാലം പൊളിച്ച് തുടങ്ങും. പാലത്തിന്റെ അവശിഷ്ടങ്ങൾ അപ്പപ്പോൾ തന്നെ നീക്കം ചെയ്യും. ഒരു വർഷത്തിനുള്ളിൽ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. ഉൾനാടൻ ജലഗതാഗത വകുപ്പാണ് നിർവഹണ ഏജൻസി. 4 കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്.
ഗതാഗത ക്രമീകരണം ഇന്നലെ മുതൽ
കല്ലുപാലം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ പണ്ടകശാല പാലം വഴി കടന്നുപോകണം. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന വാഹനങ്ങൾ അധികസമയം റോഡിൽ പാർക്ക് ചെയ്യാൻ പാടില്ല. നിർമ്മാണത്തിന്റെ കരാറുകാർ ഏർപ്പെടുത്തിയ ട്രാഫിക് വാർഡൻമാർക്കാണ് ഈ ഭാഗത്തെ ഗതാഗത ക്രമീകരണത്തിന്റെ ചുമതല.
മാലിന്യം തള്ളിയാൽ കർശന നടപടി
അറിയിക്കേണ്ട നമ്പർ: 9447232324
കൊല്ലം തോട്ടിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനിയർ ജോയി ജനാർദ്ദനൻ അറിയിച്ചു. കല്ലുപാലം, പള്ളിത്തോട്ടം ഭാഗങ്ങളിൽ തോട് അടുത്തിടെ ശുചീകരിച്ചെങ്കിലും വീണ്ടും അറവ് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 9447232324 എന്ന നമ്പരിൽ ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് വിവരം അറിയിക്കാവുന്നതാണ്.
4 കോടി രൂപ ചെലവഴിച്ച് പുതിയപാലം