thalachira
കാടുമൂടി കിടക്കുന്ന പോളച്ചിറ തലക്കുളം

ചാത്തന്നൂർ: പോളച്ചിറ ബണ്ട് റോഡുകൾ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതായി പരാതി. വിശാലമായ പോളച്ചിറ ഏലായ്ക്ക് ചുറ്റുമായി എട്ട് കിലോമീറ്റർ നീളത്തിലുള്ള ബണ്ട് റോഡിലും പോളച്ചിറയുടെ തലച്ചിറക്കുളത്തിന് നാല് വശവുമുള്ള മരങ്ങൾക്ക് ചുവട്ടിലുമാണ് സാമൂഹ്യവിരുദ്ധർ മദ്യപാനത്തിനും മറ്റുമായി ഒത്തുകൂടുന്നത്.

ബണ്ട് റോഡ്, പാണിയിൽ കനാൽ ഭാഗങ്ങൾ എന്നിവങ്ങളിൾ കഞ്ചാവ് വില്പനയും ഉപയോഗവുമുൾപ്പെടെ നടക്കുന്നതായി നാട്ടുകാർ പറയുന്നു. പുറത്ത് നിന്നുള്ള ലഹരി വില്പനക്കാരും ഇവിടെയെത്തുന്നതായി പരാതിയുണ്ട്. തലച്ചിറക്കുളത്തിന് സമീപം മദ്യക്കുപ്പികൾ നിറഞ്ഞ അവസ്ഥയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പോളച്ചിറയിൽ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബോർഡുകളും യുവജന സംഘടന സ്ഥാപിച്ചിരുന്ന പ്രചാരണ ബാനറും കൊടികളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. കൃഷി നശിപ്പിക്കുക, വാഴക്കുലകളുടെ മോഷ്ടിക്കുക, റബർ ടാപ്പിംഗ് ഷെയിഡുകൾ നശിപ്പിക്കുക ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ നാട്ടുകാർക്ക് തലവേദനയായി തീർത്തിരിക്കുകയാണ് ഇത്തരം സംഘങ്ങൾ.

 കാടുമൂടി, ഭയപ്പെടുത്തി

വനപ്രദേശങ്ങളിൽ പോലും കാണാത്ത തരത്തിൽ റോഡിനിരുവശവും കാടുവളർന്ന് കിടക്കുന്നതാണ് ലഹരി മാഫിയകൾക്കും മദ്യപാനികൾക്കും അഭയമാകുന്നത്. ഇത്തരം സംഘങ്ങളെ പേടിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി പഞ്ചായത്ത് അധികൃതർ ഇടപെട്ട് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തലച്ചിറക്കുളത്തിന്റെ പരിസരവും ബണ്ട് റോഡും വൃത്തിയാക്കണമെന്നും രാത്രികാലങ്ങളിൽ പോളച്ചിറ ബണ്ട് റോഡുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 പൊലീസ് എയ്ഡ് പോസ്റ്റ് വേണം

പോളച്ചിറ ഏലായ്ക്ക് വടക്കുഭാഗം ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയും കിഴക്ക് ഭാഗം പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ അതിർത്തിയും തെക്കുഭാഗം പരവൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയുമാണ്. മൂന്ന് സ്റ്റേഷൻ അതിർത്തിയിലുള്ള പ്രദേശമായിട്ട് കൂടി പ്രദേശത്ത് അതിക്രമങ്ങൾ നടക്കുന്നത് പൊലീസിന്റെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പോളച്ചിറ കേന്ദ്രീകരിച്ച് പൊലീസ് എയ്ഡ്‌ പോസ്റ്റ്‌ സ്ഥാപിക്കണമെന്ന ആവശ്യം ഏറെ നാളായുള്ള നാട്ടുകാരുടെ ആവശ്യമായി തുടരുകയാണ്.