വധൂവരൻമാർ കരുനാഗപ്പള്ളി, ചവറ സ്വദേശികൾ
ആലുവ: തോട്ടുമുഖം ശ്രീനാരായണ ഗിരിയിൽ വീണ്ടും കല്യാണമേളം. ശ്രീനാരായണ സേവികാ സമാജത്തിൽ ശാന്തി മന്ദിരത്തിൽ താമസിക്കുന്ന അന്തേവാസിനി വിനിയെ ചവറ ചിറ്റൂർ ശ്രീമന്ദിരത്തിൽ പീതാംബരന്റെയും വാസന്തിയുടെയും മകൻ ഹരീഷ്‌കുമാർ ജീവിതസഖിയാക്കി.
ശ്രീനാരായണ ഗുരുദേവൻ ധ്യാനമിരുന്ന ശിലയ്ക്ക് മുമ്പിൽ ഇന്നലെ ഉച്ചയ്ക്ക് 12.35നും 12.55നും മദ്ധ്യേ ആയിരുന്നു താലികെട്ട്. ജസ്റ്റിസ് കെ.കെ. ഉഷ വധുവരന്മാരെ കൈപിടിച്ചു നൽകി. വരന്റെ ബന്ധുക്കൾക്ക് പുറമെ ശ്രീനാരായണ ഗിരിയുടെ അഭ്യുദയകാംക്ഷികൾ ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കാളികളായി.
മാതാപിതാക്കൾ മരണമടഞ്ഞതിനെ തുടർന്ന് 1998ലാണ് കരുനാഗപ്പള്ളി സ്വദേശിനികളായ വിനിയും സഹോദരി വിജിയും ഗിരിയിലെത്തിയത്. വിനി നഴ്‌സിംഗ് പഠനത്തിനുശേഷം വർഷങ്ങളോളം മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിൽ അസി. നഴ്‌സായിരുന്നു. ആറ് മാസമായി രാജഗിരി ആശുപത്രിയിലാണ്. കളമശേരി ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബേക്കറി കോഴ്‌സിനുശേഷം സഹോദരി വിജി അഞ്ചുവർഷം മുമ്പ് അടുത്ത ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് പോയെങ്കിലും വിനി ഗിരിയിൽ തുടരുകയായിരുന്നു.
കൊല്ലം കെ.എം.എം.ആർ.എൽ ജീവനക്കാരനാണ് ഹരീഷ്‌കുമാർ. സഹോദരനും സഹോദരിയും വിവാഹിതരാണ്. ജസ്റ്റിസ് കെ. സുകുമാരൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ശ്രീനാരായണ ഗിരി ബോർഡ് മെമ്പർമാരായ കാർത്തിക സുകുമാരൻ, സരസ്വതി വാലത്, തനൂജ ഓമനക്കുട്ടൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.