photo
എം.സി റോഡിൽ കൊട്ടാരക്കരയിൽ ഉണ്ടായ വെള്ളക്കെട്ട്

വ്യാപാര ശാലകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു

കൊട്ടാരക്കര: കനത്ത മഴയിൽ കൊട്ടാരക്കര പട്ടണത്തിൽ വെള്ളക്കെട്ട്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് മഴ തുടങ്ങിയത്. അര മണിക്കൂറിനകം പുലമൺ ജംഗ്ഷൻ വെള്ളക്കെട്ടായി മാറി. അശാസ്ത്രീയ ഓട നിർമ്മാണം മൂലം ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടുണ്ടാകുന്നതായി നേരത്തേ പരാതിയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ചത്തെ മഴയിൽ ലോട്ടസ് ജംഗ്ഷനും പുലമൺ ജംഗ്ഷനും ഇടയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയിയിരുന്നു. അമ്പതിൽപ്പരം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രവർത്തകരും കെ.എസ്.ടി.പി ഓഫീസിൽ പ്രതിഷേധവുമായെത്തി. കൊട്ടാരക്കര സി.ഐ ടി. ബിനുകുമാറിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വ്യാപാരി നേതാക്കളുമായി ചർച്ച നടത്തുകയും പ്രശ്ന പരിഹാരത്തിന് നടപടി കൈക്കൊള്ളുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ആശ്വാസത്തിലിരിക്കുമ്പോഴാണ് ഇന്നലെ കനത്ത മഴയുണ്ടായത്. കരിക്കം മുതൽ പുലമൺ രവിനഗർ വരെ എം.സി റോഡിൽ വലിയ തോതിൽ വെള്ളക്കെട്ടുണ്ടായി. കാൽന‌ട യാത്രക്കാരും ഇരുചക്ര വാഹനങ്ങളും മറ്റ് വഴികളിലൂടെയാണ് കടന്നുപോയത്. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. മണിക്കൂറുകളോളം എം.സി റോഡിൽ ഗതാഗത തടസമുണ്ടായി. വർഷങ്ങളായി ഈ ഭാഗത്ത് വെള്ളക്കെട്ടുണ്ടാകുന്നുണ്ട്. ഫെയ്ത്ത് ഹോം ഭാഗത്ത് വെള്ളക്കെട്ടിന്റെ പതിവ് ബുദ്ധിമുട്ട് ഉണ്ടായിട്ടും ഇവിടുത്തെ ഓട നിർമ്മാണത്തിൽ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് ആക്ഷേപമുണ്ട്. പുലമൺ ജംഗ്ഷനും ലോട്ടസ് ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് ഇന്നലെയും വെള്ളക്കെട്ടായി. ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്.

ലക്ഷങ്ങൾ പൊടിച്ചിട്ടും ഫലമില്ല

എം.സി റോഡിൽ കൊട്ടാരക്കര ഭാഗത്തെ വെള്ളക്കെട്ട് മഴക്കാലത്ത് പതിവുള്ളതാണ്. പരിഹാരം എന്ന നിലയിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഓട നിർമ്മിച്ചത് വേണ്ടത്ര ഗുണം ചെയ്തിട്ടില്ല. പ്രധാന ഓടകളിലേക്ക് വെള്ളമൊഴുകിയെത്താൻ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ ഇടുങ്ങിയതും വ്യാസം കുറഞ്ഞതുമാണ്. ഓടകൾ മാലിന്യം നിറഞ്ഞ് അടഞ്ഞുകിടക്കുകയുമാണ്. ഇതേത്തുടർന്ന് ചെറിയ മഴ പെയ്താലും വെള്ളം റോഡ് നിറഞ്ഞ് ഒഴുകും. കെട്ടി നിൽക്കുന്ന വെള്ളം മഴ കനത്താൽ സമീത്തെ വ്യാപാര ശാലകളിലേക്ക് ഒഴുകിപ്പരക്കുകയാണ്.

പുലമൺ ഐസക്ക് നഗറിനു സമീപം കുന്നിടിഞ്ഞു
കൊട്ടാരക്കര: ഇന്നലെ ഉച്ചയ്ക്കുണ്ടായ ശക്തമായ മഴയിൽ കൊട്ടാരക്കരയിൽ വ്യാപക നാശനഷ്ടം. പുലമൺ പ്രൈവറ്റ് ബസ് സ്റ്റേഷനു മുന്നിലെ പതിനഞ്ചോളം വ്യപാര സ്ഥാപനങ്ങളിൽ മഴവെള്ളം കയറി. പുലമൺ കുന്നക്കര ഐസക് നഗറിന് സമീപം കുന്നിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. തൃക്കണ്ണമംഗൽ, ഈയം കുന്ന്, അയണി മൂട്, പടിഞ്ഞാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. അയണി മൂട് രജിത് ഭവനിൽ രാജന്റെ വീട്ടുപകരണങ്ങളും വിട് നിർമ്മാണത്തിനു കരുതിയിരുന്ന നിർമ്മാണ സാമഗ്രികളും ഒഴുകിപ്പോയി. രാധാകൃഷ്ണൻ, പ്രസന്നൻ എന്നിവരുടെ വീടിന്റെ മതിലുകൾ തകർന്നു. തൃക്കണ്ണമംഗൽ ചേരൂർ ജോസ്, അച്ചൻകുഞ്ഞ്, മാത്യു അനിൻ എന്നിവരുടെ കാർഷിക വിളകൾ നശിച്ചു. ക്ഷേത്രത്തിന് സമീപം ക്രമാതീതമായി ഉയർന്ന വെള്ളക്കെട്ട് മൂലം ഗതാഗതം സ്തംഭിച്ചു. മഴയിൽ ക്ഷേത്രത്തിനു സമീപത്തെ മനയുടെ മതിൽ തകർന്നു. നെടുവത്തൂർ വല്ലം, കുറുമ്പാലൂർ പ്രദേശങ്ങളിൽ ശക്തമായ മഴ നാശം വിതച്ചു. കൊട്ടാരക്കര വൈദ്യുതി ഭവന് മുൻ വശവും വെള്ളക്കെട്ട് രൂപപ്പെട്ടു.