കൊല്ലം: മഴയാണെങ്കിലും വെയിലാണെങ്കിലും തിരക്കിന് കുറവില്ലാത്ത കൊല്ലം ബീച്ചീൽ സ്ഥാപിച്ചിരുന്ന പി.ടി.ഇസഡ് കാമറ പ്രവർത്തന രഹിതമായിട്ട് ഒരാഴ്ചയിലേറെ. കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള കാമറയിലൂടെ ബീച്ചും പരിസരവും കാര്യക്ഷമമായി നിരീക്ഷിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നു. കാമറ പ്രവർത്തരഹിതമായതോടെ ബീച്ചിലെത്തുന്ന സന്ദർശകരുടെ സുരക്ഷ ആശങ്കയിലാണ്. ഇവരുടെ സുരക്ഷയ്‌ക്ക് കാവലായി ആകെയുള്ളത് ലൈഫ് ഗാർഡുമാരാണ്. എന്നാൽ ഇവരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ചില സന്ദർശകർ തയ്യാറാകാറില്ല.
ബീച്ചിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ സഹായമായിരുന്നു കാമറാ സംവിധാനം. കാമറ തകരാറിലായതിന് പുറമെ അത്യാവശ്യ ഘട്ടങ്ങളിൽ സഹായത്തിന് 112 വിളിച്ചാൽ മറുപടി പോലും കിട്ടാറില്ലെന്ന് കൊല്ലം ബീച്ചിലെ ലൈഫ് ഗാർഡുമാർ പറയുന്നു.
ടൂറിസം പൊലീസ് വേണം
ബീച്ച് പരിസരങ്ങളിൽ പിങ്ക് പൊലീസ് പട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും അദ്ധ്യയന സമയങ്ങളിൽ കറങ്ങിത്തിരിയുന്ന വിദ്യാർത്ഥികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. അപകട മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധയിൽപ്പെട്ടാലും ഗാർഡുകൾ വിസിൽ അടിച്ച് താക്കീത് നൽകിയാലും അതവഗണിച്ച് അപകടസാധ്യതയുള്ള മേഖലയിൽ ആർത്തുല്ലസിക്കുന്നവരുണ്ടാകും. തടഞ്ഞാൽ കടുത്ത പ്രതികരണങ്ങളാണ് ഇത്തരക്കാരിൽ നിന്നുണ്ടാകുന്നതെന്ന് ലൈഫ് ഗാർഡുമാർ പറയുന്നു.
മദ്യപാനികളും സാമൂഹ്യവിരുദ്ധരും
ടൂറിസം പൊലീസ് വേണം
ബീച്ച് നവീകരണത്തെ തുടർന്ന് പ്രദേശത്ത് കാടുമൂടി കിടന്ന ഇടങ്ങൾ വെട്ടിതെളിച്ചതോടെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. എന്നാൽ ബീച്ചിന്റെ വടക്ക് ഭാഗത്തായി വള്ളങ്ങളും, കാറ്റാടി മരങ്ങളും മറ്റും കൂടികിടക്കുന്നിടത്ത് സന്ധ്യ കഴിഞ്ഞാൽ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യമുള്ളതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.
ബീച്ചിൽ സ്ഥിരമായി പൊലീസ് സേവനം ലഭ്യമാക്കിയാൽ ലൈഫ് ഗാർഡുമാരുടെ നിർദ്ദേശം അവഗണിക്കുന്ന അവസ്ഥമാറും. വേളി, കോവളം, ശംഖുമുഖം ബീച്ചുകൾക്ക് സമാനമായി തിരക്ക് അനുഭവപ്പെടുന്ന കൊല്ലം ബീച്ചിൽ ടൂറിസം പൊലീസിന്റെ സേവനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പി.ടി.ഇസഡ് കാമറ (പാൻ ടിൽറ്റ് സൂം കാമറ)
കൺട്രോൾ യൂണിറ്റിന്റെ സഹായത്തോടെ 360 ഡിഗ്രിയോളം തിരിയുന്ന കാമറയാണ് പി.ടി.ഇസഡ് കാമറ. വീഡിയോ റെക്കോഡിംഗ് സംവിധാനവും ഇത്തരം കാമറകളിലുണ്ടാകും. കാമറ സൂം ചെയ്തും നിരീക്ഷിക്കാനം ദൃശ്യങ്ങൾ റെക്കോഡ് ചെയ്യാനും കഴിയും.