കൊല്ലം: യാത്രക്കാരെയും നാട്ടുകാരെയും തീരാദുരിതത്തിലാക്കി പള്ളിമുക്ക് - ഇരവിപുരം റോഡിന്റെ റീ ടാറിംഗ് മഴയിൽ കുടുങ്ങി. ഒരാഴ്ച മുമ്പ് കുറച്ച് ഭാഗത്ത് ബി.എം ടാറിംഗ് നടത്തിയെങ്കിലും മഴ വില്ലനായി എത്തിയതോടെ നിർമ്മാണ പ്രവൃത്തി പൂർണമായും നിറുത്തിവച്ചിരിക്കുകയാണ്. ടാറിംഗിന് മുന്നോടിയായുള്ള പ്രവൃത്തികൾ ഇഴഞ്ഞതാണ് റീ ടാറിംഗ് പ്രതിസന്ധിയിലാകാൻ കാരണം.
മൂന്നര മാസം മുമ്പാണ് ടാറിംഗിന് മുന്നോടിയായുള്ള പ്രവൃത്തികൾ തുടങ്ങിയത്. എന്നാൽ ഓടകളുടെ നവീകരണവും പൊളിഞ്ഞിളകിയ ഭാഗങ്ങൾ അടയ്ക്കലും കയറ്റിറക്കങ്ങൾ നിരപ്പാക്കലും അനന്തമായി നീളുകയായിരുന്നു. റോഡ് അടച്ചിട്ടാണ് ഈ പ്രവൃത്തികൾ തുടങ്ങിയത് പിന്നീട് ഗതാഗതം പുനരാരംഭിച്ചതോടെ മെറ്റലിളകി പൊടിശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതിനാൽ പൊടിശല്യം കുറഞ്ഞെങ്കിലും ഇളകി മാറിയ മെറ്റലിന് മുകളിലൂടെ സഞ്ചരിച്ച് ഇരുചക്രവാഹനങ്ങൾ കൂട്ടത്തോടെ അപകടങ്ങളിൽപ്പെടുകയാണ്.
വഞ്ചിക്കോവിൽ മുതൽ കാവൽപ്പുര സ്കൂൾ വരെ റോഡിന്റെ ഒരുവശത്ത് ബി.എം ടാറിംഗ് മാത്രമാണ് നടന്നത്. ശക്തമായ മഴയിൽ പുതുതായിട്ട ടാർ പലയിടങ്ങളിലും ഇളകിപ്പോവുകയും ചെയ്തു. മഴ തുടർച്ചയായി പെയ്യുന്നതിനാൽ കരാറുകാരൻ നിർമ്മാണ സാമഗ്രികളുമായി മടങ്ങി. രണ്ട് ദിവസം തുടർച്ചയായി വെയിൽ ലഭിച്ചാലെ മഴ പുനരാരംഭിക്കാനാകൂ എന്ന നിലപാടിലാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ.
2.6 കിലോ മീറ്റർ നീളത്തിലുള്ള റോഡ് 1.9 കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി ശൈലിയിലാണ് റീ ടാർ ചെയ്യുന്നത്. ടാറിംഗ് നീളുന്നത് യാത്രക്കാരെപ്പോലെ വ്യാപാരികളെയും പ്രതിസന്ധിയിലാക്കുകയാണ്. റോഡ് വക്കിലെ പല വ്യാപാര സ്ഥാപനങ്ങളും ആഴ്ചകളായി അടച്ചിട്ടിരിക്കുകയാണ്.