ഓടനാവട്ടം: ഓടനാവട്ടത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കട്ടയിൽ തോട് കരകവിഞ്ഞൊഴുകുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു. നിരവധി പേർ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ പല റോഡുകളിലും ഗതാഗതം പാടെ നിലച്ചു. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പാച്ചിലിൽ കൃഷിയിടങ്ങളിലും വീടുകളുടെ പരിസരത്തും സൂക്ഷിച്ചിരുന്ന കാർഷികോപകരണങ്ങളുൾപ്പെടെയുള്ള സാധനങ്ങൾ ഒലിച്ചുപോയി. മഴ തുടർന്നാൽ ഇവിടെ ദുരന്തമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും അധികൃതരുടെ അടിയന്തര ശ്രദ്ധ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ധാരാളം കുടുംബങ്ങൾ കഴിയുന്ന കട്ടയിൽ തോടിന്റെ ഇരുകരകളിലും സംരക്ഷണ ഭിത്തി കെട്ടി വെള്ളപ്പൊക്ക ദുരന്തം ഒഴിവാക്കണമെന്നുള്ള നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം അധികൃതർ കേട്ടില്ലെന്ന് നടിക്കുകയാണ്.