photo
തൊടിയൂർ പാത്തിന് തെക്കുവശം പള്ളിക്കലാറിൽ മൈനർ ഇറിഗേഷൻ നിർമ്മിച്ച തടയണ.

കരുനാഗപ്പള്ളി: തൊടിയൂർ പാലത്തിന്റെ തെക്കുവശത്തായി പള്ളിക്കലാറിന് കുറുകേ നിർമ്മിച്ച തടയണ കർഷകർക്കും പ്രദേശവാസികൾക്കും വിനയാകുന്നു. തടയണയുടെ നിർമ്മാണത്തിൽ വന്ന അപാകതയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. വേനൽക്കാലത്ത് തൊടിയൂർ, തഴവാ, പാവുമ്പ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൃഷിക്കായുള്ള ജലസേചനത്തിനുമായാണ് തടയണ നിർമ്മിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പിനായിരുന്നു നിർമ്മാണ ചുമതല. വെള്ളത്തിന്റെ ഒഴുക്കിനെ കുറിച്ച് വേണ്ടത്ര പഠനം നടത്താതെയും കർഷക സംഘടനകളോട് ആലോചിക്കാതെയുമാണ് തടയണ നിർമ്മിച്ചതെന്ന ആക്ഷേപം ശക്തമാണ്. 70 ലക്ഷം രൂപയാണ് തടയണ നിർമ്മാണത്തിന് ചെലവഴിച്ചത്. 28 മീറ്റർ വീതിയുണ്ടായിരുന്ന പള്ളിക്കലാറിന്റെ ഇരുവശങ്ങളും കരിങ്കൽ ഭിത്തി കെട്ടിയ ശേഷം കിഴക്ക് പടിഞ്ഞാറ് എത്തിച്ച് 20 മീറ്റർ നീളത്തിലാണ് തടയണ നിർമ്മിച്ചത്. തടയണയിലൂടെ വെള്ളം ഒഴുകി പോകുന്നതിനായി 2 മീറ്റർ നീളം വരുന്ന ഒരു പൊഴിയും , 75 സെന്റീമീറ്റർ വീതം നീളവുമുള്ള 2 പൊഴികളും നിർമ്മിച്ചു. ജനുവരിയിൽ ആരംഭിച്ച പണി ജൂണിൽ പൂർത്തിയാക്കിയാണ് തടയണ പ്രവർത്തന സജ്ജമാക്കിയത്. നേരത്തെ 28 മീറ്റർ വീതിയുള്ള ആറ്റിലൂടെ ഒഴുകിക്കൊണ്ടിരുന്ന വെള്ളം ഇപ്പോൾ മൂന്നര മീറ്റർ വിസ്തൃതിയുള്ള മൂന്ന് പൊഴികളിലൂടെയാണ് ഒഴുകുന്നത്. ഇത് വെള്ളത്തിന്റെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്നുണ്ട്.

70 ലക്ഷം രൂപയാണ് തടയണ നിർമ്മാണത്തിന് ചെലവഴിച്ചത്.

നിലവിൽ തടയണയിലൂടെ വെള്ളം ഒഴുകിപ്പോകാൻ നിർമ്മിച്ച പൊഴിയുടെ നീളം 3.50 മീറ്ററിൽ നിന്നും 10 മീറ്ററായി വർദ്ധിപ്പിക്കുകയോ തടയണക്ക് ഷട്ടർ നിർമ്മിക്കുകയോ ചെയ്താൽ നിലവിലുള്ള പ്രതിസന്ധി മറികടക്കാം. തടയണ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമിതി കൃഷി ഡയറക്ടർക്കുംജില്ലാ കളക്ടർക്കും പരാതി നൽകി. തുടർ നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

തൊടിയൂർ -തഴവാ ഊർജ്ജിത നെല്ലുല്പാദക കർഷക സമിതി പ്രസിഡന്റ് വി. സുന്ദരകുമാർ, സെക്രട്ടറി ടി. രഘുനാഥൻ

കൃഷി നശിക്കുന്നു...

തടയണയ്ക്ക് തെക്കുവശമുള്ള വെള്ളത്തിനേക്കാൾ 4 അടിയോളം പൊക്കത്തിലാണ് പൊഴിക്ക് വടക്കുവശം വെള്ളം കെട്ടി നിൽക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കിൽ തടസം വന്നതോടെ തഴവാ - തൊടിയൂർ വട്ടക്കായലിൽ കൃഷി മുടങ്ങുന്ന സ്ഥിതിയാണ്. തടയണക്ക് വടക്ക് വശത്ത് കെട്ടി നിൽക്കുന്ന വെള്ളം ഇരു വശങ്ങളിലേക്കും ഊറ്റിറങ്ങി ഇടവിള കൃഷിയും നശിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. തടയണയുടെ നിർമ്മാണത്തിൽ വന്നിട്ടുള്ള അപാകത പരിഹരിച്ചില്ലെങ്കിൽ ആറിന്റെ വശങ്ങളിലുള്ള കൃഷി പൂർണമായും നശിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.