പുനലൂർ: രണ്ട് ദിവസമായി പുനലൂർ ചെമ്മന്തൂർ ഹൈസ്കൂളിൽ നടന്നു വന്ന ജില്ലാ ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ 179 പോയിന്റോടെ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കി. 171പോയിൻോടെ കൊട്ടാരക്കര താലൂക്ക് രണ്ടാം സ്ഥാനം നേടി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കരുനാഗപ്പള്ളി താലൂക്കിന് പുത്തൂർ സോമരാജൻ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ കൊട്ടാരക്കര താലൂക്കിന് കെ. കൃഷ്ണപിളള മെമ്മോറിയൽ ട്രോഫിയും ലഭിച്ചു. മന്ത്രി കെ. രാജു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗങ്ങളായ എം. സലീം, ആർ.കെ. ദീപ, മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ, അഡ്വ. പി. സജി, ശ്രീദേവി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് മന്ത്രി മൊമന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.