thodu
ശക്തമായ മഴയെ തുടർന്ന് പുനലൂർ ടൗണിലെ വെട്ടിപ്പുഴ തോട് നിറഞ്ഞൊഴുകുന്നു

ആറ് വീടുകൾ തകർന്നു ദേശീയ പാതയിലെ ചെമ്മനന്തൂരിൽ ഒന്നര മണിക്കൂർ ഗതാഗതം നിലച്ചുതെന്മല അണക്കെട്ടിൽ ജലനിരപ്പുയർന്നു

പുനലൂർ: രണ്ട് ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയിൽ പുനലൂർ താലൂക്കിൽ ആറ് വീടുകൾ നശിച്ചു. മഴ കനത്തതോടെ കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പുനലൂർ പൊയ്യാനി ജംഗ്ഷനിൽ ഒന്നര മണിക്കൂർ ഗതാഗതം നിലച്ചു. ഇടമൺ വയിലറക്കത്ത് വീട്ടിൽ മസൂദമ്മ, ചണ്ണപ്പേട്ട നാല് സെന്റ് കോളനിയിൽ അനു വിലാസത്തിൽ സരസമ്മ, ആയിരനെല്ലൂർ സരസ്വതി വിലാസത്തിൽ സരസ്വതി, അലയമൺ ശ്രീലളിതത്തിൽ വീട്ടിൽ ലളിതകുമാരി, ഇടമൺ ലക്ഷം വീട് കോളനിയിൽ അനുരാജൻ, ഇടമൺ അണ്ടൂർപച്ച റോഡ് പുറമ്പോക്കിൽ പേച്ചിയമ്മ എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. ഇതിൽ മസൂദമ്മ, സരസ്വതി എന്നിവരുടെ വീടുകൾ പൂർണമായും മറ്റുള്ളവരുടെ വീടുകൾ ഭാഗികമായും തകർന്നു. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ആരംഭിച്ച കനത്ത മഴ ഇന്നലെ രാവിലെ 11 വരെ നീണ്ട് നിന്നു. കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പുനലൂരിന് സമീപത്തെ ചെമ്മന്തൂർ പൊയ്യാനി ജംഗ്ഷൻ വഴിയുള്ള ഗതാഗതം ഒന്നര മണിക്കൂറോളം നിലച്ചു. ഇത് കൂടാതെ നരിക്കൽ, വെട്ടിപ്പുഴ എം.എൽ.എ റോഡുകളിലും സമീപത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വെട്ടിപ്പുഴ തോട് കര കവിഞ്ഞൊഴുകി.

തെന്മല പരപ്പാർ അണക്കെട്ടിലെ ജല നിരപ്പ് ഉയരുന്നു

തുടർച്ചയായി മഴ പെയ്യുന്നത് മൂലം തെന്മല പരപ്പാർ അണക്കെട്ടിലെ ജല നിരപ്പ് ക്രമാതീതമായി വർദ്ധിക്കുകയാണ്. 115.72 മീറ്റർ പൂർണ സംഭരണ ശേഷിയുളള അണക്കെട്ടിൽ 113.82 മീറ്റർ ജലനിരപ്പാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയത്. ഇത് കണക്കിലെടുത്ത് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും 40 സെന്റീ മീറ്റർ വീതം ഉയർത്തി വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കി. 115.00 മീറ്ററിന് പുറത്ത് വെള്ളം ഉയർന്നാൽ അണക്കെട്ടു തുറന്ന് വിടുമെന്ന് അധികൃതർ അറിയിച്ചു. ജലനിരപ്പ് 114.74 മീറ്റർ ആകുമ്പോൾ ആദ്യത്തെ ജാഗ്രതാ മുന്നറിയിപ്പ് നൽകും.