പുനലൂർ: തെന്മല പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ മുൻ കരുതലുകൾ സ്വീകരിച്ച ശേഷമേ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാവൂ എന്ന് മന്ത്രി കെ. രാജു ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. പ്രളയക്കെടുതി കണക്കിലെടുത്ത് ഇന്നലെ രാവിലെ 11.30ന് പുനലൂർ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ്ഹൗസിൽ മന്ത്രി കെ. രാജു വിളിച്ചുചേർത്ത റവന്യൂ, കെ.ഐ.പി., പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. കനത്ത മഴ തുടരുന്നത് മൂലം റോഡുകളുടെ നിർമ്മാണ ജോലികൾ രണ്ട് ദിവസം നിറുത്തി വയ്ക്കണം. മഴക്കെടുതി മൂലം വീട് നഷ്ടപ്പെടുന്നവരെ താമസിപ്പിക്കാൻ താലൂക്കിലെ എല്ലാ ഭാഗങ്ങളിലും സ്കൂളുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് തഹസിൽദാർ ജി. നിർമ്മൽകുമാർ മന്ത്രിയെ ധരിപ്പിച്ചു. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, പുനലൂർ ആർ.ഡി.ഒ ബി. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. ലൈലജ, ആർ. പ്രദീപ്, എസ്.ഐ ജെ. രാജീവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.