rain
പത്തനാപുരം മാമൂട്ടിൽ കടവ് പാലത്തിൽ വെള്ളം കയറിയ നിലയിൽ

■ പത്തനാപുരത്ത് 72 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

■ കുട്ടികളടക്കം137 പേർ ദുരിതാശ്വാസ ക്യാമ്പിൽ

ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത നാശം

പത്തനാപുരം; ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നതോടെ പത്തനാപുരം, വിളക്കുടി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെ എഴുപത്തി രണ്ടോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആറ് വീടുകൾ ഭാഗികമായി തകർന്നു. പത്തനാപുരം മാമൂട്ടിൽ കടവിലും ജവഹർ കോളനിയിലും മഞ്ചള്ളൂർ ആദം കോട്ടും മുപ്പതിൽ അധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. കല്ലടയാറും കല്ലുംകടവ് തോടും കരകവിഞ്ഞൊഴുകിയതിനെ തുടർന്നാണ് വീടുകളിൽ വെള്ളം കയറിയത്. ഇവരെ പത്തനാപുരം നെടുമ്പറമ്പ് ഗവ.എൽ.പി.സ്‌കൂളിലെയും എച്ച്.ബി.എം.എൽ.പി സ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ കടുവാത്തോട് മിച്ചഭൂമിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഏഴ് കുടുംബങ്ങളെ ഏറത്ത് വടക്ക് യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പ്പാർപ്പിച്ചു.

വിളക്കുടി ഗ്രാമ പഞ്ചായത്തിലെ ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം പതിനഞ്ച് വീടുകളിൽ വെള്ളം കയറി. ഇഷ്ടിക കളം നിറഞ്ഞതോടെയാണ് വീടുകളിൽ വെള്ളം കയറിയത്. മനീഷാ മൻസിലിൽ ഇക്ബാൽ, ഇടത്തറ താഴേതിൽ ഹരീന്ദ്രൻ, നിഷാദ് മൻസിലിൽ അബ്ദുൾ റഹീം, പുത്തൻ വീട്ടിൽ ഉമൈദ് കുഞ്ഞ്, ഇടത്തറ പടിഞ്ഞാറ്റേതിൽ വിലാസിനി, ഇടത്തറ പടിഞ്ഞാറ്റേതിൽ സുബൈദാ ബീവി, മൂമിനാ മൻസിലിൽ കോയക്കുട്ടി, ഇടത്തറ പടിഞ്ഞാറ്റേതിൽ നൗഷാദ്, പാനാർവിളയിൽ മറിയാമ്മ. മഞ്ചള്ളൂർ ആദം കോട് സുകുമാരി തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവർ സമീപത്തുള്ള ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.

കല്ലടയാറും കൈതോടുകളും നിറഞ്ഞൊഴുകുന്നു

ഞയറാഴ്ച രാത്രി മുതൽ ആരംഭിച്ച മഴയിൽ കല്ലടയാറും കൈതോടുകളും നിറഞ്ഞൊഴുകുകയാണ്. ഗ്രാമീണ പാതകളും ചെറുപാലങ്ങളും വെള്ളത്തിനടിയിലായി.

കൃഷിയിടങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് കാർഷിക വിളകൾക്ക് കനത്ത നാശം സംഭവിച്ചു. പിറവന്തൂർ പഞ്ചായത്തിലെ പുന്നല തച്ചക്കോട് വലതുകര കനാലിന്റെ വശങ്ങളിലെ മൺത്തിട്ട ഇടിഞ്ഞ് വീണതിനെ തുടർന്ന് നീരൊഴുക്ക് തടസപ്പെട്ടു. പുന്നല, അലിമുക്ക് ജംഗഷ്‌നുകളിലും വെള്ളം കയറി.

മലയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

കൊല്ലം​ തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് പച്ചിലമലയിലും പുനലൂർ ​മൂവാറ്റുപുഴ പാതയിൽ പത്തനാപുരം ചെമ്പാൻപാലത്തിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മലയോര ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കെ.എസ്.ഇ.ബി യുടെ പത്തനാപുരം, വിളക്കുടി സെക്ഷൻ പരിധികളിൽ വൈദ്യുത ബന്ധം താറുമാറായതിനെ തുടർന്ന് മലയോര ഗ്രാമങ്ങൾ ഇരുട്ടിലാണ്. വാർത്താവിനിമയ സംവിധാനങ്ങളും താറുമാറായി. രാത്രി വൈകിയും മിക്കയിടങ്ങളിലും ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിക്കാനായിട്ടില്ല.