പൊന്മന: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിനു സമീപത്ത് കെ.എം.എം.എൽ അധികൃതർ ഡ്രഡ്ജിംഗ് നടത്തുന്നത് വിവാദമാകുന്നു. എല്ലാ വർഷവും വൃശ്ചികമാസം ആരംഭിക്കുമ്പോൾ ഭജനം പാർക്കാനെത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് ബാത്ത് റൂം, ഉച്ചഭക്ഷണം കഴിക്കാനുള്ള സ്ഥലം, വിശ്രമകേന്ദ്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്ന സ്ഥലത്താണ് ഇന്നലെ കുഴിയെടുപ്പ് തുടങ്ങിയത്. ഇതിനെതിരെ നാട്ടുകാരും വിശ്വാസികളും ക്ഷേത്രഭരണസമിതിയും രംഗത്തെത്തി. ക്ഷേത്രപ്രവേശന കവാടത്തിനു മുന്നിൽ രണ്ടാം മൈനിക്ക് നടത്തി പടുകൂറ്റൻ കുഴി ഉണ്ടാക്കിയത് നികത്തുന്നതിന് മുമ്പാണ് ക്ഷേത്രത്തിന് സമീപത്തായി ഇന്നലെ ഡ്രഡ്ജിംഗ് നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. ദിനംപ്രതി മണി കെട്ടാൻ നിരവധി വിശ്വാസികൾ ക്ഷേത്രത്തിലെത്തുന്നതിനു പുറമേ വൃശ്ചികമാസം ഭജനം പാർക്കാൻ ആയിരത്തിലധികം ഭജനക്കുടിലുകൾ നിരന്നു കഴിഞ്ഞു. കുടിലുകളുടെ പണി പുരോഗമിക്കവേയാണ് കെ.എം.എം.എൽ അധികൃതർ ഡ്രഡ്ജിംഗ് ആരംഭിച്ചത്. വൃശ്ചികമാസം പന്ത്രണ്ടു വിളക്കുമഹോത്സവം കണക്കിലെടുത്ത് കെ.എം.എം.എൽ ക്ഷേത്ര പരിസരത്ത് നടത്തുന്ന ഡ്രഡ്ജിങ്ങ് തൽക്കാലം നിറുത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര യോഗം പ്രസിഡന്റ് എസ്. സന്തോഷ് കുമാറും സെക്രട്ടറി ടി. ബിജുവും ജില്ലാ കളക്ടർക്കും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകി.