road
സി. കേശവന്റെ വീട്ടിലേക്കുള്ള വഴിയും പരിസരവും വെള്ളക്കെട്ടായ നിലയിൽ

കൊല്ലം: തിരു - കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ കുടുംബവീടും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ദുരിതത്തിന്റെ ഭീഷണിയിൽ. മയ്യനാട് പെട്രോൾ പമ്പിന് എതിർവശമുള്ള തോപ്പിൽ ലെയിനിലേക്കുള്ള ഇടറോഡും പരിസരപ്രദേശവും മഴക്കാലമായതോടുകൂടി വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.

പ്രദേശത്തെ ജലമൊഴുക്ക് തടഞ്ഞ് മണ്ണിട്ട് ഉയർത്തി സ്വകാര്യവ്യക്തികൾ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ചിറയൽ വയലിൽ കെട്ടിക്കിടക്കുന്ന വെള്ളം ചാലുകൾ വഴി ഓടയിൽ എത്തുന്ന സംവിധാനമാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ ഈ നീർച്ചാലുകൾ പോലും നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുകയും വീടുകളിൽ നിന്നുള്ള വെള്ളം ഒഴുകി പോകുന്നതിന് ചെറിയ പൈപ്പ് ലൈനുകൾ സ്ഥാപിച്ചതോടെയുമാണ് പ്രദേശത്ത് ചെറിയ മഴയിൽപ്പോലും വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതി വിശേഷമുണ്ടായത്.

 പകർച്ചവ്യാധി ഭീഷണിയും മാലിന്യവും

വെള്ളം കെട്ടി നിന്ന് കൊതുകുകളും ഈച്ചകളും പെരുകി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും പകർച്ചവ്യാധി ഭീഷണിയും നേരിടുകയാണ് പ്രദേശവാസികൾ. ഇതിന് പുറമെ സാമൂഹ്യവിരുദ്ധർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാലിന്യവും നിക്ഷേപിക്കുന്നുണ്ട്. ഇതുമൂലം കുടിവെള്ള സ്രോതസുകളും മലിനമായി.

 മഹത് വ്യക്തിത്വങ്ങളോടുള്ള അവഗണന

സി.വി കുഞ്ഞുരാമൻ, സി. കേശവൻ, പത്രാധിപർ കെ. സുകുമാരൻ, കെ. ബാലകൃഷ്ണൻ തുടങ്ങി മയ്യനാട് എന്ന കൊച്ചു ഗ്രാമത്തെ കേരളചരിത്രത്തിൽ ഇടം നേടിക്കൊടുത്ത മഹാരഥൻമാരുടെ സ്വദേശത്തിനാണ് ഈ ദുഃസ്ഥിതി. ഇവരുടെ കുടുംബവീടും പരിസരവും അതിന് മുന്നിലെ ഇടറോഡും വെള്ളപ്പൊക്കത്തിൽ താണുകൊണ്ടിരിക്കുന്നത് മയ്യനാട് പഞ്ചായത്തിനും കൊല്ലം ജില്ലയ്ക്കുമാകെ നാണക്കേട് സൃഷ്ടിക്കുകയാണ്.

സി. കേശവന്റെ മകൾ ഇന്ദിരക്കുട്ടി ടീച്ചർ കുറച്ചുകാലം മയ്യനാട് പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. "സ്വന്തം വീടിന്റെ വഴി നന്നാക്കാനല്ല ജനങ്ങൾ എന്നിൽ വിശ്വാസം അർപ്പിച്ചത്" എന്നാണ് ടീച്ചറുടെ വാക്കുകൾ. കക്ഷിരാഷ്ട്രീയം മറന്ന് പല സ്ഥലങ്ങളിൽ നിന്നും സി. കേശവൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പുഷ്പാർച്ചനയും പ്രാർത്ഥനയുമായി ധാരാളമാളുകൾ പതിവായി എത്തുന്ന റോഡാണ് വെള്ളക്കെട്ടായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഈ ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി സമർപ്പിച്ചിരിക്കുകയാണ്. വയൽ നികത്തി വെള്ളമൊഴുക്ക് നിലയ്ക്കാൻ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.