c
കല്ലുംകടവിലെ ഒരു വീട്ടിൽ വെള്ളംകയറിയ നിലയിൽ

 പത്തനാപുരത്ത് മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ

 72 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കൊല്ലം: രണ്ടു ദിവസമായി തുടരുന്ന ദുരിതപെരുമഴയിൽ ജില്ലയുടെ കിഴക്കൻ മലയോരത്തും താഴ്ന്ന പ്രദേശങ്ങളിലും വ്യാപക നാശം. പത്തനാപുരത്ത് കല്ലുകടവ് വലിയതോട് കരകവിഞ്ഞൊഴുകി 30 വീടുകളിൽ വെള്ളം കയറി. പത്തനാപുരം താലൂക്കിലെ നടുക്കുന്ന്, നെടുമ്പറമ്പ്, ഏറത്ത് വടക്ക് എന്നിവിടങ്ങളിൽ ആരംഭിച്ച മൂന്ന് ക്യാമ്പുകളിലായി 72 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുട്ടികൾ അടക്കം 137 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്.

ആവണീശ്വരത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 15 കുടുംബങ്ങളെ മാറ്റി. കുന്നിക്കോട് കൂരാംകോട് നാന്ദിഗ്രാം മേഖലയിൽ വെള്ളം കയറിയ പത്ത് വീടുകളിലെ അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. വയലേലകളും കൃഷി ഭൂമികളും വെള്ളത്തിലായതിനാൽ കാർഷിക നഷ്ടത്തിന്റെ കൃത്യമായ കണക്ക് വെള്ളം ഇറങ്ങിയശേഷമേ തിട്ടപ്പെടുത്താനാകൂ. നഷ്‌ടത്തിന്റെ തോത് ഒരു കോടി കവിയുമെന്നാണ് പ്രാഥമിക നിഗമനം.

അറബിക്കടലിൽ ന്യൂന മർദ്ദ രൂപം കൊണ്ടതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകി.

കൊട്ടാരക്കര പുലമണ്ണിൽ മണ്ണിടിഞ്ഞു.

കിഴക്കൻ മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീതി

കിഴക്കേ മലയോരത്ത് ഉരുൾപൊട്ടൽ ഭീഷണി

 പച്ചിലമലയിൽ മണ്ണിടിഞ്ഞിറങ്ങി.

പാറക്കെട്ടുകളിൽ നിന്ന് വെള്ളം പ്രവഹിക്കുന്നു

 അപകട ഭീഷണിയുള്ള വീടുകളിൽ നിന്ന് മാറാൻ നിർദേശം

 മൺറോതുരുത്തിനെ

വേട്ടയാടി വേലിയേറ്റവും

മൺറോതുരുത്തിന്റെ ജീവിതത്തിലേക്ക് ദുരിതത്തിന്റെ പെരുമഴയും വേലിയേറ്റവുമാണ്.

താഴ്ന്ന മേഖലകളായ കിടപ്രം വടക്ക്, കിടപ്രം തെക്ക്, പട്ടംതുരുത്ത് ഈസ്റ്റ്, പട്ടംതുരുത്ത് വെസ്റ്റ്, കൺട്രാംകാണി, പെരിങ്ങാലം എന്നീ വാർഡുകൾ വേലിയേറ്രത്തെ തുടർന്ന് വെള്ളത്തിലായി. പട്ടംതുരുത്ത് ലക്ഷംവീട്ടിൽ സുനിൽ ഭവനിൽ സുമാംഗിയുടെ വീട് പൂർണ്ണമായി തകർന്നു. കിടപ്രം വടക്ക് വലിയമാട്ടേൽ ലീലയുടെ വീടും തകർന്നു. കുണ്ടറ പെരിനാട് വയലിത്തറ അംഗൻവാടിക്ക് സമീപം വിജയകുമാരിയുടെ വീട് പുർണ്ണമായി തകർന്നു.

 മലവെള്ളം കയറി കിഴക്കൻ മേഖല

പെരുമഴയിൽ കിഴക്കൻ മേഖല ഒറ്റപ്പെടുകയാണ്. പുനലൂർ ഇടമൺ വി.എച്ച്.എസ്.സിക്ക് സമീപം വയലിറക്കത്ത് മസൂദമ്മായുടെ വീട് പുർണ്ണമായി തകർന്നു.വെളിനല്ലൂർ പഞ്ചായത്തിൽ ചെറിയവെളിനല്ലുർ ആക്കൽ പണയിൽ ഷിഹാബിന്റെ വീടിന്റെ ഒരുഭാഗവും ചുറ്റുമതിലും തകർന്നു. അലിമുക്ക്, പണ്ടകശാല ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ ഈ പാതയിൽ രണ്ടുമണിക്കൂറോളം ഗതാഗതം തസപ്പെട്ടു. എം.സി റോഡിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നഷ്ടമുണ്ടായി. ദേശീയപാതയിലെ ചെമ്മന്തൂരിലടക്കം മണിക്കൂറുകൾ വാഹനഗതാഗതം മുടങ്ങി. വെട്ടിപ്പുഴ തോട് കവിഞ്ഞ് എം.എൽ.എ റോഡിൽ പലഭാഗത്തും വെള്ളം കയറി. പലയടിത്തും മരങ്ങൾ കടപുഴകിയും മലയിടിഞ്ഞും വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്.

തെന്മല അണക്കെട്ടിൽ നീരൊഴുക്ക് കൂടി

തെന്മല പരപ്പാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കി തുടങ്ങി. അടിയന്തര സാഹചര്യമുണ്ടായൽ നേരിടാൻ കല്ലട ജലസേചന പദ്ധതി അധികൃതർ ഡാം ടോപ്പിൽ ക്യാമ്പ് ചെയ്യുകയാണ്. മഴ തുടർന്നാൽ കല്ലടയാർ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. കൊട്ടാരക്കര താലൂക്കിലും പുനലൂർ മുനിസിപ്പിലാറ്റി പരിധിയിലും ജില്ലാ കളക്ടർ ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.

മുൻകരുതൽവേണം:

മന്ത്രി കെ. രാജു

പുനലൂർ:ഇന്നലെ രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ്ഹൗസിൽ മന്ത്രി കെ.രാജു വിളിച്ചു ചേർത്ത യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. റവന്യൂ, കെ.ഐ.പി, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. തെന്മല പരപ്പാർ അണക്കെട്ട് തുറന്നു വിടുന്നതിനു മുമ്പ് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.

 ദുരിതാശ്വാസ ക്യാമ്പുകൾ

1- പത്തനാപുരം നടുക്കുന്ന് ഗവ.എൽ.പി.എസ്

2- പത്തനാപുരം നെടുമ്പറമ്പ് എച്ച്.ബി.എം എൽ.പി.എസ്

3- പട്ടാഴി ഏറത്ത് വടക്ക് ചെളിക്കുഴി ഗവ.യു.പി.എസ്