flood
കുന്നത്തൂർ തഹസിൽദാരും സംഘവും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു

പടിഞ്ഞാറേക്കല്ലട: രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കരയിലേക്ക് വെള്ളം കയറാൻ തുടങ്ങി. പഞ്ചായത്തിലെ കല്ലടയാറിനോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളായ ഐത്തോട്ടുവാ വാർഡിലെ വളഞ്ഞ വരമ്പ്, തോപ്പിൽ കടവ്, മുളക്കൽക്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളം കയറാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശമാകെ വെള്ളം കരകവിഞ്ഞൊഴുകിയിരുന്നു. കല്ലട ഡാമിന്റെ ഷട്ടർ ചെറിയതോതിൽ ഉയർത്തിയതും കിഴക്കൻ മേഖലയിലെ കനത്തമഴയുമാണ് കല്ലടയാറ്റിലെ ശക്തമായ ഒഴുക്കിനും ജലനിരപ്പ് ഉയരാനും കാരണമായത്. കല്ലടയാറ്റിലെ കനത്ത ഒഴുക്കിനെ തുടർന്ന് ഹൗസ്ബോട്ടുകളുടെ യാത്ര നിറുത്തിവെച്ചിരിക്കുകയാണ്. ഇത് ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. കുന്നത്തൂർ തഹസിൽദാർ ജി.കെ. പ്രദീപ്, ഡെപ്യൂട്ടി തഹസിൽദാർ പി.കെ. ശ്രീകുമാർ, പടിഞ്ഞാറേക്കല്ലട വില്ലേജ് ഓഫീസർ ജീന ജി, സ്പെഷ്യൽ വില്ലേജ് ഓഫീസർമാരായ ആർ. എസ്. അനീഷ്, ആർ. പ്രിയ , ശാസ്താംകോട്ട മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയർ ജോയിക്കുട്ടി എന്നിവർ കല്ലടയാറ്റിലെ തീരപ്രദേശങ്ങളും വീടുകളും സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.