lorry
ലോറി തലകീഴായി കൊല്ലം തോട്ടിൽ മുങ്ങിത്താണ നിലയിൽ

കൊല്ലം: മുണ്ടയ്ക്കൽ പാലത്തിന് സമീപം കച്ചിക്കടവിൽ റോഡ് തകർന്ന് ലോറി കൊല്ലം തോട്ടിലേക്ക് മറിഞ്ഞു. തലകീഴായി വെള്ളത്തിൽ പൂർണമായും മുങ്ങിയ ലോറിയിൽ നിന്നും ഡ്രൈവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അലക്കുകുഴി കോളനിയിലുള്ളവരെ പുനരധിവസിക്കാൻ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മെറ്റലുമായി വന്ന ലോറിയാണ് മറിഞ്ഞത്. ലോറി കടന്നുവരുന്നതിനിടയിൽ റോഡ് തോട്ടിലേക്ക് ഇടിഞ്ഞുതാഴുകയായിരുന്നു. ലോറി വെള്ളത്തിൽ മുങ്ങുന്നതിന് മുൻപ് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാൽ കാര്യമായ പരിക്ക് ഉണ്ടായില്ല.

മൈലാപ്പൂർ സ്വദേശി സലിമിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് മുങ്ങിയത്. അടുത്തിടെ വാങ്ങിയതാണ് ലോറി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ക്രെയിൻ എത്തിയാണ് ലോറി ഉയർത്തിയത്. കൊല്ലം തോട്ടിലെ മണലൂറ്റാണ് റോഡ് തകർന്ന് ലോറി മറിയാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു