കൊട്ടാരക്കര: കനത്ത മഴയിൽ കല്ലടയാറ്റിൽ ജലനിരപ്പുയർന്നതോടെ പുത്തൂർ ഞാങ്കടവ് പാലത്തിന് സമീപത്തെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം നടക്കുന്ന കിണറിന് ചുറ്റും വെള്ളം കയറി. ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി കോടികൾ ചെലവഴിച്ചാണ് ഇവിടെ കിണർ നിർമ്മിച്ചത്. കിണറിന് മുകളിലായി പമ്പ് ഹൗസിന്റെ നിർമ്മാണവും നടന്നുവരുകയാണ്. ആറ്റ് തീരത്താണെങ്കിലും കരയിലേക്ക് മാറിയാണ് ഇവ നിർമ്മിച്ചത്. എന്നാൽ ഇന്നലെ ആറ്റിൽ ജലനിരപ്പ് ഉയർന്നതോടെ കിണർ വെള്ളത്തിന് നടുവിലായി. നിർമ്മാണം നിറുത്തിവച്ചുവെങ്കിലും മൂന്ന് തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. രാത്രിയുറക്കവും ഇതോട് ചേർന്നുള്ള ഷെഡിലാണ്. മുൻകരുതൽ എന്ന നിലയിൽ റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം തൊഴിലാളികളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു.