ചാത്തന്നൂർ: ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ പൊലീസ് സ്‌മൃതി ദിനാചരണവും സ്‌മൃതി ദിന പരേഡും നടന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവത്യാഗം ചെയ്ത സേനാംഗങ്ങളെ ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ജോർജ് കോശി അനുസ്മരിച്ചു. സ്റ്റേഷൻ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്തൂപത്തിൽ ചാത്തന്നൂർ എസ്.എച്ച്.ഒ വി.എസ്. പ്രദീപ്കുമാർ പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിന്റെ വിജയികൾക്ക് റിട്ട. എസ്.പി കെ.എ. ജോൺ, റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട് വേലായുധൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. റിട്ട. എസ്.ഐമാരായ സുദർശനൻ, തോമസ്, രവീന്ദ്രൻപിള്ള, രാധാകൃഷ്ണൻ ഉണ്ണിത്താൻ, എക്സൈസ് ഉദ്യോഗസ്ഥർ, ചാത്തന്നൂർ ഗവ. സ്കൂളിലെ എസ്.പി.സി കേഡറ്രുകൾ തുടങ്ങിയർ പങ്കെടുത്തു. ചാത്തന്നൂർ എസ്.ഐ എ.എസ്. സരിൻ നന്ദി പറഞ്ഞു.