mazha-keduthi
ഓയൂർ ചുങ്കത്തറ കൃഷ്ണവിലാസത്തിൽ മണിക്കുട്ടന്റെ വീട് തകർന്ന നിലയിൽ

ഓയൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വെളിനല്ലൂർ, പൂയപ്പള്ളി, വെളിയം, ഓടനാവട്ടം വില്ലേജുകളിലെ വീടുകൾക്ക് നാശം സംഭവിച്ചു. വെളിനല്ലൂർ വില്ലേജിൽ ഓയൂർ ചുങ്കത്തറയിൽ കൃഷ്ണവിലാസത്തിൽ മണിക്കുട്ടൻ, ചെറുവക്കൽ മുളയറ തെക്കതിൽ ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ എന്നിവരുടെ ഓടിട്ട വീടുകൾ ഭാഗികമായി തകർന്നു. പൂയപ്പള്ളി വില്ലേജിൽ കോണത്തുകോളനിയിൽ പറങ്കിമാംവിള ഗിരിജയുടെ വീടിന്റെ അടുക്കളഭാഗം ഭാഗികമായി തകർന്നുവീണു. വെളിയം വില്ലേജിൽ മാലയിൽ അംബികാ ഭവനത്തിൽ അംബിക, വെളിയം കോളനിയിൽ രമ്യാ ഭവനത്തിൽ ഇന്ദിര, രാഗത്തിൽ പ്രവീൺകുമാർ എന്നിവരുടെ വീടിന്റെ ചു​റ്റുമതിൽ മഴയിൽ തകർന്നു . ഓടനാവട്ടം വില്ലേജിൽ വീട്ടിൽ വെള്ളം കയറിയതിനെതുടർന്ന് ഓടനാവട്ടം കട്ടയിൽ ശോഭനാ മന്ദിരത്തിൽ ശോഭനയെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാ​റ്റി പാർപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെ കട്ടയിൽ തോട്ടിൽ നിന്നുള്ള വെള്ളം ശോഭനയുടെ വീട്ടിലേക്ക് കയറുകയായിരുന്നു. തുടർന്ന് ഓടനാവട്ടം വില്ലേജ് ഒാഫീസർ, വെളിയം പഞ്ചായത്ത് സെക്രട്ടറി വാർഡംഗം ഓടനാവട്ടം വിജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ശോഭനയെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാ​റ്റിപ്പാർപ്പിക്കുകയായിരുന്നു. ഓടനാവട്ടം എതിരംകോട്ട് സർപ്പക്കാവിലെ ഓഫീസ് സ്​റ്റോറിന്റെ ഭിത്തിയും സംരക്ഷണഭിത്തികളും തകർന്നു വീഴുകയും കാവിൽനിന്ന ആൽമരം പിഴുതു വീഴുകയും ചെയ്തു.