കൊട്ടാരക്കര: കാലവർഷത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ കൊട്ടാരക്കര പുലമൺ ഭാഗത്തുണ്ടായ വെള്ളക്കെട്ടിൽ നാശനഷ്ടമുണ്ടായ കച്ചവടക്കാർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കൊട്ടാരക്കര ടൗണിൽ വെള്ളം കയറി വ്യാപാര സ്ഥാപനങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമാണുണ്ടായത്.
എം.സി റോഡിൽ കെ.എസ്.ടി.പി നടത്തിയ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് കൊട്ടാരക്കര ടൗണിന്റെ ഹൃദയ ഭാഗമായ പുലമൺ വെള്ളത്തിനടിയിലായത്.
പുലമൺ തോടിന്റെ ആഴം വർദ്ധിപ്പിച്ച് വീതി കൂട്ടി രണ്ട് സൈഡുകളും കല്ല് കെട്ടി സംരക്ഷിക്കാൻ തയ്യാറാകാത്തത് ഇറിഗേഷൻ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണ്. കൊട്ടാരക്കര, മൈലം, കുളക്കട പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി വലിയ നാശനഷ്ടമുണ്ടായി. പുലമൺ തോട് സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥന്മാർ തയ്യാറാകുന്നില്ലെന്നും എം.പി ആരോപിച്ചു.