കൊല്ലം: നിലമൊരുക്കാനും തെങ്ങുകയറാനുമൊക്കെ ഇനി വനിതകളും. കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവു നൽകാൻ വനിതാ തൊഴിൽസേന സജ്ജം. യന്ത്റവൽകൃത കൃഷിരീതിയിൽ പ്രാവീണ്യം നേടിയ വനിതകൾ കൃഷിയിടങ്ങളിലേക്കെത്തും. ഗ്രാമവികസന വകുപ്പ് വഴി നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി രൂപീകരിച്ച സേനയുടെ സേവനം ലഭ്യമാക്കും. യന്ത്റവൽകൃത ഞാറ് നടീൽ മുതൽ തെങ്ങ് കയറ്റത്തിൽവരെ പരിശീലനം നൽകി. വിളയിറക്കാനും വിളവെടുക്കാനും ആവശ്യമായ യന്ത്റങ്ങളും നൽകി. വർഷം കുറഞ്ഞത് 40 ദിവസമെങ്കിലും മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുത്തിട്ടുള്ള വനിതകളെയാണ് ഓരോ പഞ്ചായത്തിൽ നിന്നും സേനയിൽ ഉൾപ്പെടുത്തിയത്. 10 സ്ത്രീ തൊഴിലാളികൾ അടങ്ങുന്ന ഓരോ പഞ്ചായത്തുകളിലെയും തൊഴിൽ സേനയിൽ 18 മുതൽ 50 വരെ പ്രായമുള്ളവരാണ് അംഗങ്ങൾ.
ഓരോ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങൾക്ക് തൃശ്ശൂർ വടക്കാഞ്ചേരിയിൽ ഗ്രീൻ ആർമി വഴി മൂന്ന് ദിവസത്തെ പ്രാഥമിക പരിശീലനം നൽകി. പുതിയ ബാച്ചിന് പിന്നാലെ നൽകും. വിവിധ കൃഷി രീതികളിൽ ഘട്ടംഘട്ടമായി വിദഗ്ധ പരിശീലനവുമുണ്ട്. കൊട്ടാരക്കര, മുഖത്തല, വെട്ടിക്കവല, ഇത്തിക്കര, ഓച്ചിറ, ചവറ ശാസ്താംകോട്ട, എന്നീ ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 40 പഞ്ചായത്തുകളിലെ അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയായിക്കഴിഞ്ഞു.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളെ രണ്ടായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സൗത്ത് ഫെഡറേഷനിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമാക്കി ശാസ്താംകോട്ട, ഓച്ചിറ, ഇത്തിക്കര, ചവറ, ചിറ്റുമല ബ്ലോക്കുകളിലെ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. ഈസ്റ്റ് ഫെഡറേഷനിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രമാക്കി കൊട്ടാരക്കര, പത്തനാപുരം, അഞ്ചൽ, ചടയമംഗലം ബ്ലോക്കുകളിലെ പഞ്ചായത്തുകളാണുള്ളത്.
യന്ത്റങ്ങൾ ഉപയോഗിച്ചുള്ള ഞാറ് നടീൽ, കളപറിയ്ക്കൽ, കൊയ്ത്ത്, മെതി, തെങ്ങ് കയറ്റം, കളനാശിനി പ്രയോഗം, മറ്റു കാർഷിക രീതികൾ എന്നിവയിലാണ് ഇവരുടെ വൈദഗ്ധ്യം. കൃഷിക്കാവശ്യമായ യന്ത്റങ്ങൾ എം.കെ.എസ്. പി പദ്ധതി വഴിയാണ് ലഭ്യമാക്കുന്നത്.
ഗ്രീൻ ആർമിയിൽ നിന്നുള്ള രണ്ട് പരിശീലകർ മാതൃക പ്രദർശന തോട്ടങ്ങൾ നിർമ്മിക്കാനുള്ള പരിശീലനവും നൽകും. ഇളമ്പള്ളൂർ, നെടുമ്പന, തൃക്കോവിൽവട്ടം പഞ്ചായത്തുകളിൽ പ്രദർശന പച്ചക്കറിതോട്ടം പൂർത്തിയായതായി എം. കെ. എസ്. പി. സൗത്ത് ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജി എബ്രഹാം പറഞ്ഞു.
നെടുമ്പന പഞ്ചായത്തിലെ പഴങ്ങാലം, ഉമ്മന്നൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ തരിശ് നിലങ്ങൾ ഏറ്റെടുത്ത് നെൽകൃഷി പരിശീലനം ആരംഭിച്ചതായി ഈസ്റ്റ് ഫെഡറേഷൻ സി.ഇ.ഒ സി.എഫ്. മെൽവിൻ പറഞ്ഞു.
ആവശ്യക്കാർക്ക് നെൽകൃഷി, പച്ചക്കറി കൃഷി, ഡ്രിപ് ഇറിഗേഷൻ, തെങ്ങ് കയറ്റം, കിണർ റീചാർജിംഗ് എന്നീ മേഖലകളിൽ തൊഴിലാളികളെ ലഭ്യമാക്കും. ഇതിൽ നിന്ന് ലഭിക്കുന്ന തുക ഫെഡറേഷന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഫെഡറേഷൻ വഴി ഈ തുക തുല്യമായി വീതിച്ചു നൽകും.
കാർഷിക മേഖലയിലെ യന്ത്റവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്ത്രീകൾക്ക് കൃഷിയുടെ സമസ്ത മേഖലകളിലും പ്രവർത്തിക്കാനുള്ള അവസരം ഒരുക്കുകയാണിപ്പോൾ. മികച്ച വരുമാനവും ലഭ്യമാക്കാനാകുമെന്ന് ജില്ലാ ദാരിദ്റ്യലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ ടി. കെ. സയൂജ പറഞ്ഞു. ഫെഡറേഷനുകൾ കേന്ദ്രീകരിച്ച് പച്ചക്കറിതൈ ഉൽപ്പാദന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.