കൊല്ലം: ഒരുകാലത്ത് കേരളത്തിലെ വേദികളിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ടിരുന്ന ഗുജറാത്ത് കലാപം ഇപ്പോൾ പലരും മറന്ന അവസ്ഥയായി മാറിയിട്ടുണ്ട്. വർഗീയ ശക്തികളുടെ പീഡനങ്ങളെ ഭയന്ന് പലരും പിറകോട്ടുപോയിക്കഴിഞ്ഞു. ഇത്തരമൊരു ചുറ്റുപാടിൽ സത്യം തുറന്നു പറയുവാൻ ആർജ്ജവം കാണിച്ചതുമൂലം ജീവിക്കുന്ന രക്തസാക്ഷിയാകേണ്ടി വന്ന ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ടെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഇസ്‌ക്ര, ഇപ്റ്റ എന്നിവയുടെ ആഭിമുഖ്യത്തിൽ കടപ്പാക്കട സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സഞ്ജീവ് ഭട്ട് ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കിഡ്‌നി തകരാർ മൂലം അന്തരിച്ചെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ വ്യക്തിയുടെ പേരിലാണ് സഞ്ജീവ് ഭട്ട് തടവിലാകുന്നത്. അദ്ദേഹത്തിനെതിരെ അധികാര ലോബിയും സാമ്പത്തിക ശക്തികളും ഒരുമിച്ച് ചേർന്നു. അവരുടെ കുടുംബാംഗങ്ങളെപ്പോലും ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളുണ്ടായി. ഇത്തരം നീതിനിഷേധങ്ങൾ ഭാരതമെമ്പാടും വർധിച്ച് വരുന്ന സാഹചര്യത്തിൽ സഞ്ജീവ് ഭട്ട് ഐക്യദാർഢ്യ സമ്മേളനം നീതി നിഷേധിക്കപ്പെട്ട ഭാരതത്തിലെമ്പാടുമുള്ളവരോടുള്ള ഐക്യദാർഢ്യമായി മാറിക്കഴിഞ്ഞുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഇസ്‌ക്ര പ്രസിഡന്റ് ഇഗ്‌നേഷ്യസ് ജി. ജോസ് അദ്ധ്യക്ഷത വഹിച്ചു. അജിത് കൊളാടി, ഇപ്റ്റ പ്രസിഡന്റ് മണിലാൽ, ഇസ്‌ക്ര സെക്രട്ടറി സി.ബി. ഗോപകുമാർ, പി.ആർ.ഒ ജോർജ് എഫ്. സേവ്യർ വലിയവീട്, ഇപ്റ്റ വർക്കിംഗ് പ്രസിഡന്റ് പോണാൽ നന്ദകുമാർ, സെക്രട്ടറി മുരുകലാൽ, വൈസ് പ്രസിഡന്റ് റജി പുത്തൂർ എന്നിവർ സംസാരിച്ചു.