കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവത്യാഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർത്ഥം കൊല്ലം സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്മൃതി ദിനാചരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ജില്ലാ സായുധസേനാ ക്യാമ്പിൽ സ്മൃതിദിന പരേഡ് നടന്നു.
മുൻ ത്രിപുര ഡി.ജി.പി ബി.ജെ.കെ. തമ്പി, വിരമിച്ച മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സിറ്റി പൊലീസ് പരിധിയിലെ പൊലീസ് സ്‌റ്റേഷനുകളിൽ പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ വിവിധപരിപാടികൾ സംഘടിപ്പിച്ചു.
കൊല്ലം സിറ്റി പൊലീസിന്റെ സാന്ദ്രം പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ രോഗികൾക്കുള്ള ധനസഹായം സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു വിതരണം ചെയ്തു. ഡ്യൂട്ടിയ്ക്കിടെ മരണം വരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ സന്ദർശനം നടത്തി. സ്‌റ്റേഷൻ പരിധിയിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ വിഷയങ്ങളിൽ ക്വിസ് മത്സരം, ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം എന്നിവയും സംഘടിപ്പിച്ചു. വിവിധ ആശുപത്രികളുടെ സഹകരണ ത്തോടെ രക്തദാന ക്യമ്പുകൾ, മെഡിക്കൽക്യാമ്പുകൾ എന്നിവ നടന്നു.