കൊട്ടാരക്കര: വാളകം ഉമ്മന്നൂർ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമായി. വാളകം ജംഗ്ഷനിൽ ആരംഭിക്കുന്ന നൂറു മീറ്റർ ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രപോലും ദുഷ്കരമായ നിലയിൽ കിടക്കുന്നത്. വാളകം മർത്തോമ്മാ ഹൈസ്കൂൾ, എസ് - സി എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ നൂറൂ കണക്കിന് വിദ്യാർത്ഥികളാണ് ഈ വഴികടന്നു പോകുന്നത്. തകർന്ന റോഡിന്റെ അറ്റകുറ്റ പണിക്കു വേണ്ടി മെറ്റലും പാറയും ഇറക്കിയെങ്കിലും പണി ഇനിയും ആരംഭിച്ചിട്ടില്ല. റോഡുപണിക്കാകായി ഉമ്മന്നൂർ പോറ്റി മുക്കിൽ മിക്സിംഗ് യൂണിറ്റു സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും ഇപ്പോൾ എല്ലാം ഉപേക്ഷിച്ച നിലയിലാണ്. ഈ ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പുലൈൻ സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായി. പെട്ടിപ്പൊളിച്ച റോഡിലെ കുഴികളിൽ നിരത്തിയ മെറ്റലുകൾ ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. എത്രയും വേഗം റോഡ് റീ ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് കോൺഗ്രസ് ബ്ളോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. വാളകം സാംസൺ, ബ്രിജേഷ് ഏബ്രഹാം, ബേബി പടിഞ്ഞാറ്റിൻകര, സരോജിനി ബാബു എന്നിവർ സംസാരിച്ചു.