munroe
മൺറോതുരുത്തിൽ വെള്ളത്തിലായ വീട്

 ദുരിതാശ്വാസ ക്യാമ്പുകൾ ഇനിയും തുറന്നില്ല

 തൊഴിൽ മേഖല നിശ്ചലമായതോടെ നാട്ടുകാർ പട്ടിണിയിൽ

മൺറോതുരുത്ത്: ശക്തമായ മഴയിൽ കല്ലടയാർ കരകവിയുകയും ഒപ്പം തുലാവേലി ശക്തി പ്രാപിക്കുകയും ചെയ്തതോടെ മൺറോതുരുത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. കിടപ്പുറം വടക്ക്, തെക്ക്, കൺട്രാം കാണി, പട്ടംതുരുത്ത് ഈസ്റ്റ്, വെസ്റ്റ്, നെന്മേനി തെക്ക് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലുൾപ്പെടെ വെള്ളം കയറി. പ​ട്ടം​തു​രു​ത്ത് പ​ടി​ഞ്ഞാ​റ് ല​ക്ഷം​വീ​ട് കോ​ള​നി​യിൽ സു​നിൽ ഭ​വ​നിൽ സു​മാം​ഗി​യു​ടെ വീ​ട് പൂർ​ണ്ണ​മാ​യും കി​ട​പ്രം വ​ട​ക്ക് വ​ട​ക്കേ​മാ​ട്ടേൽ ലീ​ല​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യും ത​കർ​ന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി ശക്തമായ വേലിയേറ്റം തുടരുന്നതിനിടയിലാണ് കനത്ത മഴയിൽ കല്ലടയാർ കരകവിഞ്ഞത്. രാത്രി കാലത്താണ് വേലിയേറ്റം ശക്തമാകുന്നത്. അതിനാൽ രാത്രിയാകുന്നതോടെ മിക്ക വീടുകളിലും വെള്ളം കയറും. വേലിയേറ്റം നിമിത്തം ജലം അഷ്ടമുടിക്കായലിലേക്കൊഴുകാതെ മൺറോതുരുത്തിൽ തങ്ങിനിൽക്കുന്നതാണ് ദുരിതം വർദ്ധിപ്പിക്കുന്നത്.

 അധികൃതർക്ക് അനാസ്ഥ

ജനങ്ങൾ ദുരിതത്തിലായിട്ടും ദുരിതാശ്വാസ ക്യാമ്പുകൾ ഇതുവരെയും തുറന്നിട്ടില്ല. സ്ഥിതിഗതികൾ ഇനിയും രൂക്ഷമായാൽ മാത്രമെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കൂ എന്ന നിലപാടിലാണ് അധികൃതർ. വേലിയേറ്റം കയറി ദുരിതത്തിലായ താഴ്ന്ന പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങൾ വെള്ളപ്പൊക്കം കൂടിയായപ്പോൾ ഗത്യന്തരമില്ലാത്ത അവസ്ഥയിലാണ്. പലരുടെയും തൊഴിൽ മേഖല നിശ്ചലമായതിനാൽ ദാരിദ്ര്യത്തിലാണ്. ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.