കരുനാഗപ്പള്ളി: കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകുന്നു. പൊതു വിതരണ രംഗം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, വെട്ടിക്കുറച്ച കേരളത്തിന്റെ വിഹിതമായ റേഷൻ സാധനങ്ങൾ പുനസ്ഥാപിക്കുക, ആധാർ ഇല്ലാത്തതിന്റെ പേരിൽ റേഷൻ നിഷേധിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഭീമഹർജി നൽകുന്നത്. ഡിസംബർ ആദ്യവാരം സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന് ശേഷം ഭീമഹർജി പ്രധാനമന്ത്രിക്ക് നൽകും. ഹർജിയിൽ ഒപ്പ് ശേഖരിക്കുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം എൻ. വിജയൻപിള്ള എം.എൽ.എ വെറ്റമുക്കിൽ നിർവഹിച്ചു. യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് കളരിയ്ക്കൽ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. നിയാസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെ. അനിൽ, കെ. നിസാമുദ്ദീൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ വെറ്റമുക്ക് സോമൻ, ആർ. സുരേന്ദ്രൻ പിള്ള, എൽ. വിജയൻ നായർ, കെ. പ്രമോദ്, ആർ. സുകുമാരൻ നായർ, സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.