കൊല്ലം: പത്തു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലാക്കാനും ആറ് ബാങ്കുകൾ
അടച്ച് പൂട്ടാനുമുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയും ദേശീയ തലത്തിൽ പണിമുടക്കിയതിനെ തുടർന്ന് ബാങ്കിടപാടുകൾ സ്‌തംഭിച്ചു.
കൊല്ലത്ത് പണിമുടക്കിയ ബാങ്ക് ജീവനക്കാർ നഗരത്തിൽ പ്രകടനം നടത്തി. ഇന്ത്യൻ ബാങ്ക് കൊല്ലം ശാഖയ്‌ക്ക് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ചിന്നക്കടയിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണയിൽ എ.ഐ.ബി.ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.അൻസാരി, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി യു.ഷാജി, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി സതീഷ്, വി.ജയകുമാർ, എം.എ.നവീൻ, എസ്.ലക്ഷ്‌മി, ശശികുമാർ, ശ്രീശാന്ത്, രാകേഷ്, അമൽ, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ആറ് ബാങ്കുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം പിൻവലിക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌കാരങ്ങൾ തിരുത്തുക, വൻകിട കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കുക, ഇടപാടുകാരുടെ സർവീസ് ചാർജ് കുറയ്‌ക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, നിയമനങ്ങൾ നടത്തി ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ കൂടി ഉന്നയിച്ചായിരുന്നു പണിമുടക്ക്.