അടുത്തമാസം നിർമ്മാണം പുനരാരംഭിക്കും
വീതി കൂട്ടാൻ കൊല്ലം തോടിന്റെ തീരം വിട്ടുനൽകും
കൊല്ലം: കൊല്ലം തോട് കൈയേറിയതിനെ തുടർന്ന് തുലാസിലായ കല്ലുപാലം- താന്നി റോഡിന്റെ പുനരുദ്ധാരണത്തിന് ശാപമോക്ഷം. റോഡ് വികസനത്തിനായി കൊച്ചുപിലാംമൂട് പാലം മുതൽ കച്ചിക്കടവ് വരെ കൊല്ലം തോടിന്റെ കരഭൂമിയുടെ ചെറിയ ഭാഗം വിട്ടുനൽകാൻ ഉൾനാടൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചു. മുടങ്ങിയ ഭാഗത്തെ നിർമ്മാണ പ്രവൃത്തി അടുത്തമാസം പുനരാരംഭിക്കും.
കല്ലുപാലം മുതൽ താന്നി വരെ 12.6 കിലോ മീറ്റർ നീളമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതായിരുന്നു പദ്ധതി. 23.9 കോടിയാണ് പദ്ധതി തുക. ഭാവിയിൽ തീരദേശ ഹൈവേയുടെ ഭാഗമായി മാറുന്ന റോഡായതിനാൽ നടപ്പാത നിർമ്മിക്കാൻ ഇരുവശങ്ങളിലും 2.15 മീറ്റർ ഒഴിച്ചിട്ട് നടുവിൽ റോഡ് നിർമ്മിക്കാനുള്ള എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ബീച്ച് മുതൽ കച്ചിക്കടവ് വരെ കൊല്ലം തോടിന്റെ കരയിൽ പാർശ്വഭിത്തി നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. പക്ഷെ ഈ ഭാഗത്ത് 10 മീറ്റർ ഒഴിച്ചിട്ട ശേഷം പാർശ്വഭിത്തി നിർമ്മിക്കാനുള്ള സ്ഥലമില്ലായിരുന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പ് മുണ്ടയ്ക്കൽ പാലത്തിന് സമീപം കൊല്ലം തോടിന്റെ തീരം കൈയേറി പാർശ്വഭിത്തി നിർമ്മാണം തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട ഉൾനാടൻ ജലഗതാഗത വകുപ്പ് തങ്ങളുടെ ഭൂമി കൈയേറിയെന്ന് ആരോപിച്ച് ഒന്നരവർഷം മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകിയതോടെ നിർമ്മാണം നിലയ്ക്കുകയായിരുന്നു.
കൊല്ലം തോട് ദേശീയജലപാതയുടെ ഭാഗമായതിനാൽ കൊല്ലം തോടിന് കരഭാഗം സഹിതം 25 മീറ്റർ വീതി വേണമെന്ന കർശന നിലപാടിലായിരുന്നു ആദ്യഘട്ടത്തിൽ ഉൾനാടൻ ജലഗതാഗത വകുപ്പ്. ഇരുവകുപ്പുകളും തമ്മിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് സ്ഥലം സന്ദർശിച്ച ശേഷം തീരദേശഹൈവേയുടെ പ്രധാന്യം കണക്കിലെടുത്താണ് സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്.
12.6 കിലോമീറ്റർ റോഡ്
5.5 മീറ്റർ വീതി
2.39 കോടി രൂപ