കൊല്ലം: നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിനായി താലൂക്ക്തല സ്ക്വാഡ് രൂപീകരിച്ച് സ്വർണക്കടകളിൽ നിരന്തരം പരിശോധിക്കുമെന്ന ജി.എസ്.ടി വകുപ്പിന്റെ തീരുമാനത്തെ ശക്തമായി എതിർക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൾനാസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിൽ എല്ലാ ദിവസവും പരിശോധനയെന്നത് സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്രമാണ്. രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാരം 80 ശതമാനത്തോളം കുറവായതിനാലാണ് ജി.എസ്.ടി വരുമാനത്തിൽ കുറവ് വന്നത്. ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരികൾ മാത്രമാണ് നികുതി കൃത്യമായി അടയ്‌ക്കുന്നത്. നികുതി നൽകാതെയുള്ള അനധികൃത വ്യാപാരം കേരളത്തിൽ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി രജിസ്ട്രേഷൻ എടുത്തെന്ന ഒറ്റക്കാരണത്താൽ വ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനത്തിൽ മാറ്റംവരണം. രജിസ്ട്രേഷൻ എടുക്കാതെ യഥേഷ്ടം അനധികൃത വ്യാപാരം ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. വാറ്റ് കുടിശ്ശിക എന്ന പേരിൽ നോട്ടീസുകൾ അയക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ സജി മിറാൻഡയ്ക്ക് സംഘടനാ ഭാരവാഹികൾ നിവേദനം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, സെക്രട്ടറി എസ്.പളനി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.