tkm
കൊ​റ്റങ്കരയിൽ പൂർത്തിയാക്കിയ പത്താമത്തെ വീട്

കൊറ്റങ്കരയിൽ പണിത വീട് ഇന്ന് കൈമാറും

കൊല്ലം: പ്രളയത്തിൽ വീട് നഷ്‌ടമായവർക്ക് പുനരധിവാസം ഉറപ്പ് വരുത്താൻ ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികൾ ആരംഭിച്ച ബാക്ക് ടു ഹോം പദ്ധതിയിലെ പത്താമത്തെ വീടും പൂർത്തിയായി. കൊ​റ്റങ്കര പഞ്ചായത്തിലെ പണ്ടാരകുളത്തിന് സമീപം നെല്ലിവിളയിൽ കെ.തങ്കപ്പനും ഭാര്യ ജി. സാവിത്രിക്കുമാണ് ഏഴര ലക്ഷം രൂപ ചെലവിട്ട് പുതിയ വീട് നിർമ്മിച്ച് നൽകിയത്. ഇന്ന്

ടി.കെ.എം എൻജിനീയറിംഗ് കോളേജ് സന്ദർശിക്കുന്ന അമേരിക്കയിലെ വിസ്‌കോൺസിൻ സർവകലാശാല ചാൻസലർ ഡോ.ഡെബോറ ഫോർഡും ടി.കെ.എം ട്രസ്​റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാരും ചേർന്ന് വീടിന്റെ താക്കോൽ കൈമാറുമെന്ന് പ്രിൻസിപ്പൽ ഡോ.ടി.എ.ഷാഹുൽ ഹമീദ് അറിയിച്ചു.

തങ്കപ്പനും സാവിത്രിക്കുമൊപ്പമാണ് ഭർത്താവ് ഉപേക്ഷിച്ചു പോയ മൂത്തമകളും അവരുടെ രണ്ട് കുട്ടികളും താമസിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പെരുമഴയിൽ ഇവരുടെ വീട് ഭാഗികമായി തകർന്നിരുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയി ലഭിക്കുന്ന വരുമാനവും വീടിന് സമീപത്തെ പെട്ടിക്കടയിൽ നിന്ന് ലഭിക്കുന്ന വരുമാനവും മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ചോർന്നൊലിക്കുന്ന വീട് പുനർ നിർമ്മിക്കാൻ കഴിയാതെ ബുദ്ധിമുട്ടിയ ഇവരുടെ അവസ്ഥ പഞ്ചായത്തിന്റെ പ്രതിനിധികളായ വിനീതകുമാരിയും എച്ച്.ഹുസൈനുമാണ് ബാക്ക് ടു ഹോം പദ്ധതിയുടെ ശ്രദ്ധയിലെത്തിച്ചത്.

വീട് നിർമാണത്തിനായി കുവൈ​റ്റിലെ ടി.കെ.എം പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ ആറര ലക്ഷം രൂപ നൽകിയിരുന്നു.